സമാനുഭാവം നഷ്ടമാകുമ്പോൾ - When empathy is lost
ഏതെങ്കിലുമൊരു മനുഷ്യസമൂഹം സംസ്ക്കാരപരമായി പിന്നോട്ട് നടക്കാൻ, അല്ലെങ്കിൽ ഓരോ ചുവടും കാട്ടാളത്തിലേക്ക് വയ്ക്കാനാരംഭിക്കുന്നുവെന്നതിന്റെ പ്രത്യക്ഷമായ തെളിവാണ് ആ സമൂഹത്തിലെ ഭൂരിപക്ഷം പേർക്കും എമ്പതിയില്ലാതാവുകയെന്നത്.
ഒരാൾക്ക് എപ്പോഴാണോ മറ്റൊരാളുടെ വേദന സ്വന്തം വേദനയായി തോന്നാത്തത്, അയാളുടെ വേദനയ്ക്ക് കാരണമായതെന്തായാലും അതിനെതിരെ പ്രതികരിക്കാൻ തോന്നാത്തത്, പകരം അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളല്ലേ? അതുപലയിടത്തും നടക്കുന്നതല്ലേ? എന്നൊക്കെ പ്രതികരിക്കുന്നത്, നിസ്സംശയം പറയാം, ആ വ്യക്തി കടുത്ത സാമൂഹ്യദ്രോഹിയും, ചതിയനും ആയിക്കഴിഞ്ഞിരിക്കുന്നുവെന്ന്.
അയാളുൾപ്പെടുന്ന സമൂഹത്തിലെ ഭൂരിപക്ഷത്തിന്റെയും പ്രതികരണം/ നിലപാട് അത്തരത്തിലാവുകയെന്നാൽ, അല്ലെങ്കിൽ ആ സമൂഹത്തിലെ ഭൂരിപക്ഷവും അതിനോട് പ്രതികരിക്കാതെ മൗനം പാലിക്കുകയെന്നാൽ, ആ സമൂഹം/ പ്രസ്ഥാനം മറ്റുള്ളവരുടെ ജീവിതത്തിന് ഭീഷണിയായിക്കഴിഞ്ഞിരിക്കുന്നു എന്നാണ്. അത്തരത്തിലുള്ള ഒരു സാഹചര്യമുണ്ടായാൽ ആ സമൂഹത്തോട് സഹാനുഭൂതിയുടെ സമീപനം സ്വീകരിക്കുന്നത് ബുദ്ധിപരമല്ല.
അവരെന്തുവേണമെങ്കിലും കാണിക്കട്ടെ, സഹിക്കുന്നത് അവരുടെ കൂട്ടർ തന്നെയല്ലേ എന്നൊക്കെയുള്ള ആശ്വാസം അപകടമാണ്. കാരണം, ഇന്നവർ കാട്ടുന്ന മനുഷ്യത്വമില്ലായ്മ, ക്രൂരത, ലൈംഗിക അതിക്രമങ്ങൾ, വഞ്ചന, ചതി ഒക്കെത്തന്നെ നാളെ മറ്റു സമൂഹങ്ങളിലുള്ളവരും ഏറ്റെടുത്തിട്ടുള്ള ചരിത്രമാണ് നാം കണ്ടിട്ടുള്ളത്.
ഒരാൾ എത്രതന്നെ ഉന്നതനോ, വിശുദ്ധനോ ആയിക്കൊള്ളട്ടെ, അയാൾ എന്നെ പലവട്ടം ബലാത്സംഗം ചെയ്തുവെന്ന് ഒരുസ്ത്രീയോ, പലസ്ത്രീകളോ കരഞ്ഞുപറയുമ്പോഴും, അയാളെ ന്യായീകരിക്കാനും, ആ സ്ത്രീയെ/സ്ത്രീകളെ കല്ലെറിയാനും തീരുമാനിക്കുന്ന, അങ്ങിനെ ചെയ്യുന്ന ഒരു മനുഷ്യസമൂഹം ഈ രാഷ്ട്രത്തിനുതന്നെ ഭീഷണിയാണ്.
അത് ഉപബോധമനസ്സിൽ പതിയുന്ന ഓരോരുത്തരും നാളെ അയാളെപ്പോലെ ആകാൻ ശ്രമിച്ചാൽ അവരെയെങ്ങിനെയാണ് കുറ്റംവിധിക്കാനാവുക?
ഇതുപോലുള്ള മനുഷ്യത്വരഹിതമായ മറ്റുപല തിന്മകളും, അതൊക്കെ ചെയ്യുന്നവർ വിശുദ്ധരോ, ഉന്നതസ്ഥാനീയരോ എന്ന ഒരൊറ്റക്കാരണത്താൽ തക്കതായ ശിക്ഷകൊടുക്കാതെ തള്ളിക്കളഞ്ഞാൽ, നാളെ അതീ സമൂഹത്തിലെ നിത്യസംഭവമാവുമെന്നതിന് ധാരാളം ഉദാഹരണങ്ങൾ നമുക്ക് ചുറ്റിലുമുണ്ട്.
നിർഭാഗ്യവശാൽ അതാണിപ്പോൾ ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ശക്തമായ മത സ്വാധീനമുണ്ടായിട്ടും പല ലാറ്റിനമേരിക്കൻ രാജ്യങ്ങളും മനുഷ്യ തിന്മയുടെ കേളീരംഗമായി മാറി, അങ്ങോട്ടുപോകാൻ പോലും മനുഷ്യർ മടിക്കുന്ന അവസ്ഥയിലേക്കെത്തിയത് ഈയൊരൊറ്റക്കാരണം കൊണ്ട് മാത്രമാണ്.
ഏതു രാജ്യത്തായാലും, ഏതു രാഷ്ട്രീയപ്പാർട്ടികളായാലും, ഏതുമതമായാലും നേതൃത്വത്തിന് പണം കിട്ടിയാൽ മതി. ഒരു രാഷ്ട്രീയക്കാരനും, പുരോഹിതനും നിങ്ങളുടെ ഈ പണമെവിടെനിന്ന്. ഏതുമാർഗ്ഗത്തിൽ ലഭിച്ചതാണെന്ന് ചോദിക്കില്ല. മാത്രമല്ല, നിങ്ങൾ കൊടുക്കുന്നതിനാനുപാതികമായി നിങ്ങൾക്ക് അവിടെ കൂടുതൽ ബഹുമാനം, പ്രാതിനിധ്യം ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അങ്ങിനെയുള്ള ഒരു നേതൃത്വത്തിന് തങ്ങളുടെ അനുയായികളെ മാനുഷികമൂല്യങ്ങൾ, ആത്മീയത എന്നിവയിൽ വരുത്തുന്നതിനോട് അഭിമുഖ്യമുണ്ടാവില്ല, പകരം അവരുടെ ഈ പണക്കൊതി, പണമുള്ളവരോട് കാട്ടുന്ന പക്ഷപാതം ഒക്കെ മറ്റുള്ളവരെയും ഏതുമാർഗത്തിലും പണമുണ്ടാക്കുന്നതാണ് നല്ലതെന്ന ചിന്തയിലേക്ക് എത്തിക്കുകയെ ഉള്ളൂ.
നമ്മുടെ നാട്ടിൽ സമീപകാലത്തു നടന്ന, നടന്നുകൊണ്ടിരിക്കുന്ന ചില മ്ലേച്ചവും, ഹീനവുമായ സംഭവങ്ങൾ, അതിനോട് അതുൾപ്പെട്ട സമൂഹം കാട്ടുന്ന പ്രതികരണങ്ങൾ, മൗനം, ന്യായീകരണങ്ങൾ ഒക്കെ കാട്ടുന്നത് നമ്മുടെ സമൂഹവും എപ്പോഴേ നാശത്തിന്റെ പാതയിലേക്ക് കാലെടുത്തു വച്ചിരിക്കുന്നുവെന്നാണ്. ഇനിയാ കാൽ തിരിച്ചെടുക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്, കാരണം. ഇത്തരം പ്രവണതകളെ ചെറുക്കാൻ ആ സമൂഹത്തിന്റെ തലപ്പത്തും, കൂട്ടത്തിലും കുറച്ചെങ്കിലും നന്മയുടെ പക്ഷത്തുള്ളവർ ഉണ്ടായിരിക്കണം, പകരം എന്റെ നേതൃത്വത്തിന് പിഴവുപറ്റില്ല, അവർ വൃത്തികെട്ടതൊന്നും ചെയ്യില്ല, അല്ലെങ്കിൽ കൃത്യമായിപ്പറഞ്ഞാൽ, എന്റെ നേതൃത്വം ചെയ്യുന്നതെല്ലാം ശരിമാത്രമേ ആയിരിക്കയുള്ളൂ എന്ന് ചിന്തിക്കുന്ന ഒരു കൂട്ടത്തെ സൃഷ്ടിച്ചെടുത്ത ശേഷം, നേതൃത്വത്തിന്റെ വൃത്തികേടുകളോട് പ്രതികരിക്കാൻ ഭയക്കുന്നവരായോ, അവരങ്ങനെ ചെയ്യില്ലെന്ന വിശ്വാസമുള്ളവരായോ മാറ്റിയെടുത്താൽ, നന്മയുടെ തരിപോലുമില്ലാത്ത അവസ്ഥയിൽ, ആ സമൂഹത്തിൽ എന്ത് ഹീനപ്രവർത്തികൾ ചെയ്താലും, അതിനെ മഹത്വവൽക്കരിക്കാനുള്ള, ന്യായീകരിക്കാനുള്ള പ്രവണതയായിരിക്കും ഉണ്ടായിവരിക.
നിർഭാഗ്യവശാൽ ഇന്ന് നമ്മിൽ ചില കൂട്ടങ്ങൾ അങ്ങിനെയുള്ള മാനസികാവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. ആ സമൂഹത്തിലെ മുഖ്യരുടെ പ്രസ്താവനകൾ, പ്രതികരണങ്ങൾ ഒക്കെ ഭയപ്പെടുത്തുന്നവയാണ്. അവയെ ഒക്കെത്തന്നെ ന്യായീകരിക്കുന്നവരുടെയും, മൗനം പാലിക്കുന്നവരുടെയും എണ്ണം കൂടിവരുന്നത് അവർ നാടിന്റെ സാമൂഹ്യ/ധാർമ്മിക അപചയത്തിനുള്ള കാരണമായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ്.
ഒരു സമൂഹം നല്ലതായിരുന്നെങ്കിൽ, നന്മയുടെ പക്ഷത്തായിരുന്നെങ്കിൽ തെറ്റായ ഒറ്റ പ്രവർത്തി, ഒരൊറ്റ സംഭവം മതിയാവുമായിരുന്നു നിശിതമായ വിശകലനം നടത്തി ഒരു പൊളിച്ചെഴുത്തു നടത്താൻ, ശുദ്ധീകരിക്കാൻ. പക്ഷേ തിരിച്ചായാൽ അതവർക്ക് മാത്രമല്ല, അവരല്ലാത്തവർക്കും അപകടമാണ്. കാരണം നമ്മുടെ കുഞ്ഞുങ്ങളും, ചെറുപ്പക്കാരുമൊക്കെ ഇന്നത് ചെയ്താൽ ഇന്നതേയുണ്ടാവുകയുള്ളൂ എന്ന പാഠങ്ങൾ അവരിൽ നിന്നാണ് പഠിക്കുന്നത്. നാമറിയാതെ അവർ കാതോർത്തിരിക്കുകയാണ്, ഓരോതിന്മയെയും നാം ന്യായീകരിക്കുമ്പോൾ, ആരുടെ വേദനയിലും നമുക്ക് എമ്പതിയില്ലാതെ വരുമ്പോൾ, ഒന്നിനെതിരെയും നാം വായ് തുറക്കാതിരിക്കുമ്പോൾ നമ്മുടെ കുഞ്ഞുങ്ങൾ, ചെറുപ്പക്കാർ, ഓരോ പാഠങ്ങൾ പഠിക്കുകയാണ്. അത് നല്ലതല്ല.
ഇനി ഇതൊക്കെ കാലഘട്ടത്തിന്റെ അനിവാര്യതകൾ ആണോയെന്നെനിക്കറിയില്ല.
കാരണം മനുഷ്യരൊക്കെ ഇന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നത് കലികാലത്തെയും, കൽക്കിയെയും, അല്ലെങ്കിൽ ലോകാവസാനത്തേയും, ക്രിസ്തുവിന്റെ രണ്ടാം വരവിനെയുമാണല്ലോ?
ആഗ്രഹിക്കുന്നതല്ലേ നടക്കാൻ പാടുള്ളൂ?
Comments
Post a Comment