രാജപ്പനെന്ന ഉഭയജീവി.

We're born alone, we live alone, we die alone. Only through our love and friendship can we create the illusion for the moment that we're not alone - Orson Welles

ചരിത്രത്തിൽ ഇടംപിടിക്കാത്തവരുടെ ചരിത്രമെഴുതുകയെന്നത് എനിക്ക് വളരെ ഇഷ്ട്ടമുള്ള കാര്യമാണ്. അതിനു ചില കാരണങ്ങളുണ്ട്. ഒന്നാമതായി ഞാനെഴുതിയില്ലെങ്കിൽ അവരെല്ലാം കാലത്തിന്റെ കുത്തൊഴുക്കിൽ വളരെ പെട്ടെന്ന് തന്നെ വിസ്‌മൃതിയിൽ ലയിക്കും. ഒരു നാടിൻറെ സംസ്കാരരൂപീകരണത്തിൽ ഇങ്ങനെയുള്ളവരുടെയും വിരലടയാളങ്ങൾ പതിഞ്ഞിട്ടുണ്ട് . മാത്രമല്ല, എന്നെപ്പോലെ ചിലരുടെയെങ്കിലും ചിന്തകളെ സ്വാധീനിക്കാനും, വ്യക്തിത്വത്തെ രൂപാന്തരപ്പെടുത്താനും ഉതകിയ, പിന്നീടാരിലും ആവർത്തിക്കാത്ത തരത്തിലുള്ള പല വിശിഷ്ട സ്വഭാവങ്ങളും, ഞാനിവരിൽ കണ്ടിട്ടുണ്ട്. അതിനാൽ അവരെയെനിക്ക് പുനർജനിപ്പിച്ചേ മതിയാകൂ.
മുഖ്യധാരാ സമൂഹത്തിൽ ഒരിക്കലും പ്രസക്തിലഭിക്കാത്ത, അതിന്റെ പാർശ്വങ്ങളിൽപ്പോലും കണ്ടെത്താനാവാത്ത ഇങ്ങനെയുള്ള പല അതിദരിദ്രരായ മനുഷ്യരിൽ നിന്നാണ് ഞാൻ ജീവിതത്തിലെ വലിയ പാഠങ്ങൾ പഠിച്ചത്.
വേദപുസ്തകങ്ങളോ, മഹദ് വ്യക്തികളോ അക്കാര്യത്തിലെനിക്ക് കാര്യമായ സംഭാവനകളൊന്നും നൽകിയിട്ടില്ല. അതിനാലാവരെന്റെ ഗുരുക്കന്മാരാണ്, ബഹുമാനമർഹിക്കുന്നവരാണ്. അവരെക്കുറിച്ചുള്ള എന്റെ FB പോസ്റ്റുകളിലൂടെ അതുഞാനവർക്ക് നൽകുന്നു. എനിക്കത്രയേ കഴിയൂ.
ബാർബർ രാജപ്പൻ അങ്ങിനെയുള്ളൊരാളായിരുന്നു.
ഞാൻ കുറച്ചുനാൾ താമസിച്ച എന്റെ മുൻഗാമികളുടെ കുഗ്രാമമായ നാട്ടിലെ ക്ഷുരക സഹോദരന്മാരിൽ ആ പണി ചെയ്യാതിരുന്ന ഒരേയൊരാളായിരുന്നു രാജപ്പൻ(പേര് യാഥാർത്ഥമല്ല). രാജപ്പനെ നാട്ടുകാർ 'മുങ്ങാങ്കോഴി' 'വെള്ളാമ' തുടങ്ങിയ പേരിലാണ് വിളിച്ചിരുന്നത്. ഞാൻ കുറച്ചുകൂടെ മാന്യമായ 'ഉഭയജീവി' എന്നപേരിലുമായിരുന്നു അയാളെ വിളിച്ചിരുന്നത്(സത്യത്തിൽ ഒരിക്കൽപ്പോലും അയാളെ നേരിട്ട് ആ പേരുകൾ ആർക്കും വിളിക്കേണ്ടി വന്നിട്ടില്ല, കാരണം ഞാനടക്കം ആരെങ്കിലും അയാളോടോ,അയാൾ ആരോടെങ്കിലുമോ സംസാരിക്കുന്നത് അയാൾ മരിക്കുന്നതുവരെ ഞാൻ കണ്ടിട്ടില്ല).
പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു പെരുമഴക്കാലത്തു രാത്രി ഞാൻ ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള വായിച്ചു ജനലുകളടച്ചു പേടിച്ചുറങ്ങിയ ശേഷം അതിരാവിലെയെഴുന്നേറ്റു തുറന്ന വാരാന്തയിലിരുന്ന് പഠിക്കുകയായിരുന്നു, അപ്പോൾ മതിലിന്റെ മുകളിലൂടെ ഒരു തല അനങ്ങാതെ ഒഴുകിവരുന്നതുകണ്ടു, സൂക്ഷിച്ചുനോക്കിയപ്പോൾ ഡ്രാക്കുളയുടെ അതേ മുഖം, നിർവികാരമായ, മരവിച്ച മുഖവും, ചുവന്ന കണ്ണുകളും, മുറുക്കിയതിനാലാവണം, ചുവന്ന ചുണ്ടുകളും നീണ്ടുമെലിഞ്ഞു വിളർച്ചകൊണ്ട് വെളുവെളെ വെളുത്ത, അതിസുന്ദരനായ ഒരാൾരൂപം അങ്ങിനെ റോഡിലൂടെ ഒഴുകിപ്പോവുകയാണ്, വെള്ളത്തിലെ മരക്കഷണം പോലെ.
ഒരുചെറിയ കൂനോടുകൂടി ചുമലിൽ ഒരു 'വീശുവലയും' ഈറ്റയിൽ നെയ്ത ഒരു കൂടയുമായി അയാൾ സാവകാശം നടന്നപ്രത്യക്ഷമാകുന്നതുവരെ ഞാൻ ഭയത്തോടെ നോക്കിനിന്നു. ആളൊരു മീൻപിടിത്തക്കാരനാണ് എന്ന് മനസ്സിലായി. പിന്നീട് 'അമ്മ പറഞ്ഞാണ് അയാൾ മുടിവെട്ടാത്ത ബാർബർ രാജപ്പനാണെന്നു മനസ്സിലായത്.ഇതാണ് രാജപ്പനും, ഞാനുമായുള്ള ആദ്യസമാഗമം.
പിന്നീടെന്നും രാവിലെ വീട്ടിലേക്കും,വൈകിട്ട് എങ്ങോട്ടോ എന്നറിയാത്തിടത്തേയ്ക്കും എന്റെ ഡ്രാക്കുള പോകുന്നതുകണ്ട് ഞാനിരിക്കാറുണ്ടായിരുന്നു. കൗതുകം കൊണ്ട് ഞാനയാളെക്കുറിച്ചന്വേഷിച്ചു. കിട്ടിയ വിവരങ്ങൾ ഇതാണ്, ആൾ മുടിവെട്ടാത്ത ബാർബറായ മീൻപിടിത്തക്കാരനാണ്, ഒരുദിവസത്തിന്റെ മിക്ക മണിക്കൂറുകളിലും ആൾ ഏതെങ്കിലും കുളത്തിലോ, തോട്ടിലോ, കനാലിന്റെയടിയിലൂടെ പോകുന്ന കലുങ്കിനുള്ളിലെ ഇരുണ്ട തുരങ്കങ്ങളിലോ ആയിരിക്കും. പിടിക്കുന്ന മീനുകൾ എവിടെയാണ്,ആർക്കാണ് വിൽക്കുന്നത്, എന്താണ് പകൽ കഴിക്കുന്നത്, ആരാണയാളുടെ സുഹൃത്തുക്കൾ എന്നിവയെല്ലാം അജ്ഞാതമാണ്. അടുത്തകാലത്തൊന്നും അയാൾ ആരോടും എന്തെങ്കിലും മിണ്ടിയതായി അറിവില്ല. വൈകിട്ട് വർഗീസ് ചേട്ടന്റെ കടയിൽ നിന്ന് ഒരു ഭൂതത്തെപ്പോലെ ഒഴുകിക്കയറി ചുണ്ണാമ്പ്,വെറ്റില,പുകയില, ഒരു ചെറുകുപ്പിയിൽ മണ്ണെണ്ണ എന്നിവമാത്രം വാങ്ങിക്കും, വന്നതുപോലെതന്നെ ഒഴുകിയിറങ്ങിപ്പോകും, കടയിലെ സകല തൊഴിലില്ലാ വെടിവട്ടക്കാരുടെയും വായകൾ അയാളുടെ വരവും,പോക്കും കഴിയുന്നതുവരെ ഒരക്ഷരം ഉരിയാടാതെ തുറന്നുതന്നെയിരിക്കും. സർവ്വ തലകളും ടെന്നീസ് കളി കാണുന്നവരെപ്പോലെ അയാളുടെ ചലനങ്ങളുമായി 'സിൻക്രൊനയിസ്' ചെയ്തു തിരിയും.എനിക്കയാളെക്കുറിച്ചു കൂടുതലറിയാതെ ഇരിക്കപ്പൊറുതിയില്ലാതെയായി, കാരണം നാട്ടിലെ പ്രധാന മാന്യന്മാരുടെ കാര്യങ്ങളിലൊന്നും നിഗൂഢതകൾ ഒന്നുമില്ലായിരുന്നു. എന്തെങ്കിലും പണിയെടുക്കുക, വൈകുന്നേരം വയറുനിറയെ കള്ളുകുടിക്കുക, വർഗീസ് ചേട്ടന്റെ കടയിൽ വന്നിരുന്ന് പരസ്പ്പരം ഭാര്യമാരുടെ ജാരസംസർഗ്ഗമാരോപിച്ചു തെറിപറയുക, പറ്റിയാലൊരു അടിപിടിയും സംഘടിപ്പിക്കുക, വീട്ടിലേയ്ക്കുള്ള വഴിയിലൂടെ ഉച്ചത്തിൽ തെറിയഭിഷേകംനടത്തുക, വീട്ടിൽച്ചെന്നു പെൺപിറന്നോർക്കു ഇടിയോ, ഒത്താലൊരു 'വ്യായാമമോ'കൊടുക്കുക, അത്രയ്ക്ക് ലളിതമായിരുന്നു അവർ മിക്കവരുടെയും ജീവിതം.
ഇനി ഞാനറിഞ്ഞ രാജപ്പനെന്ന ഉഭയജീവിയെക്കുറിച്ചു പറയട്ടെ.
അയാൾക്ക് ഭാര്യയും ഒരു മകനും, രണ്ടു പെണ്മക്കളുമുണ്ട്.ഓലകൊണ്ട് മറച്ച ഒരു കൊച്ചു കുടിലിലേക്കാണ് അയാൾ കല്യാണിയെന്ന ക്ഷുരകത്തിയെ വിവാഹം ചെയ്തുകൊണ്ടുവന്നത്, അധികം താമസിയാതെ ഒരാൺകുട്ടിയുണ്ടായി, രാജപ്പന്റെ അതേച്ഛായയിൽ തന്നെ. പക്ഷേ അതിനുശേഷം കല്യാണിയുടെ നിർബന്ധം കാരണം വെട്ടുകല്ലുകൊണ്ട് തേക്കാത്ത ഒരു കൊച്ചു വീടുണ്ടാക്കാനയാൾ നിർബന്ധിതനായി. അയാൾ അതുസാധിച്ചത്‌ ചുറ്റുവട്ടത്തുള്ള കൊള്ളാവുന്ന വീടുകളിൽപ്പോയി അൽപ്പാൽപ്പം പണം കടംവാങ്ങിയായിരുന്നു. അതിനുശേഷം പണംകൊടുത്ത ആരുംതന്നെ രാജപ്പനെ ആ വഴിയേ കണ്ടില്ല, എവിടെയെങ്കിലുംവച് കണ്ടാലും രാജപ്പൻ പഴയപോലെ അനന്തതയിലേക്ക് സ്ഥിരമായി ഫോക്കസ് ചെയ്ത കണ്ണുകളുമായി നടന്നുപോകും, അത്രതന്നെ.
രാജപ്പനെ അന്വേഷിച്ചാരും പോകാറില്ല, എന്നാൽ ഞാൻ പലപ്പോഴും പോയിട്ടുണ്ട്. കനാലിനു കുറുകെ ഒഴുകിയിരുന്ന ആഴമുള്ള തോട്ടിലോ, പപ്പയുടെ പാടത്തിന്റെയരികിലെ കുളത്തിലോ അയാളങ്ങിനെ തലമാത്രം വെള്ളത്തിനുമേൽ ഉയർത്തി തപ്പിനടക്കുന്നതു കാണാം, വെള്ളത്തിൽ നിന്നൊരിക്കലും പുറത്തേക്കുവരാൻ യാതൊരു താല്പര്യവുമില്ലാത്തപോലെയാണ് എനിക്കുതോന്നിയിട്ടുള്ളത്. ഒരു പകൽ മുഴുവൻ പുസ്തകവും വായിച്ചു ഞാനാ കുളക്കരയിലുള്ള മരത്തിലിരുന്ന് രാജപ്പനെ ശ്രദ്ധിച്ചിട്ടുണ്ട്. വെള്ളത്തിലിറങ്ങിയാൽപ്പിന്നെ അയാളേതോരു ജലജീവിയെപ്പോലെയുമാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ചിലപ്പോഴെല്ലാം കുറെയേറെ നേരത്തേയ്ക്ക് അയാൾ നിശ്ചലനായി ജലധ്യാനം ചെയ്യും. രോമം പോലുമനക്കാതെ, എങ്ങോട്ടോ നോക്കിക്കൊണ്ട്, ഇതെല്ലാം കണ്ട എനിക്കയാൾക്കെന്തോക്കെയോ നിഗൂഢതകളുണ്ടെന്നു തോന്നിയിരുന്നു.
നാട്ടിലെ വിദഗ്‌ധ മീൻപിടിത്തക്കാരെല്ലാം പറയുന്നതുകേട്ടിട്ടുണ്ട്, രാജപ്പന് മീനുകളുടെ ഭാഷയറിയാം, അയാൾ വെള്ളത്തിലിറങ്ങി വെറുതെയിരുന്നാൽ മതി, വലിയ മീനുകൾ അയാളുടെയടുത്തേയ്ക്ക് വരുമെന്നൊക്കെ.അവർക്കും രാജപ്പനൊരു വിചിത്രജീവിയായിരുന്നു.
ഇതിനിടയ്ക്ക് രാജപ്പന്റെ വീട്ടിൽ ചിലതൊക്കെ സംഭവിച്ചു, കല്യാണി രണ്ടാമതൊരു പെൺകുഞ്ഞിനെ പ്രസവിച്ചു, ആ കുഞ്ഞു അവിടെയുള്ള ഒരു പ്രമുഖന്റെ കുഞ്ഞാണെന്ന് ഒരു DNA ടെസ്റ്റും കൂടാതെ തന്നെ നാട്ടിലെ ഗർഭവിദഗ്‌ദകൾ കണ്ടുപിടിച്ചു, അയാൾ കടംകൊടുത്ത പണം കല്യാണിയുടെ 'കരുണയായി' വസൂലാക്കിയതാണെന്നോ ഒക്കെയായിരുന്നു സംസാരം. എന്നാലിതൊന്നും രാജപ്പനെ കുലുക്കിയില്ല, അയാൾ പതിവുപോലെ ഡ്രാക്കുളയെപ്പോലെ വന്നുംപോയുമിരുന്നു, രാത്രിയിൽ കുളങ്ങളുടെ ആഴങ്ങളിൽ തപ്പിനടന്നു. അതേ രാത്രികളിൽ പുരപണിയാൻ കടംകൊടുത്ത മാന്യന്മാർ രാജപ്പന്റെ ഭാര്യയുടെ ആഴങ്ങളിൽ മുങ്ങിത്തപ്പി, കടം മറന്നു മയങ്ങി. അങ്ങിനെ ആളുകളുടെ എണ്ണം കൂടിയതിനാൽ ഗർഭവിദഗ്ധകൾക്ക് കല്യാണിയുടെ മൂന്നാമത്തെ കുഞ്ഞിന്റെ പിതൃത്വാവകാശം ആരെയേൽപ്പിക്കണമെന്ന കാര്യത്തിൽ തർക്കമായി, വഴക്കായി, തെറിയായി, തല്ലായി ആദ്യമായി ഞാനങ്ങനെ ഒരു പെൺകൂട്ടത്തല്ലു കണ്ടു. തെറിയുടെ ഭണ്ടാരങ്ങൾ കാലിയായപ്പോൾ പെണ്ണങ്ങൾ പരസ്പ്പരം കെട്ട്യോന്മാരുടെ 'ആയുധത്തിന്റെ' നീളവും, വണ്ണവും വർണ്ണിച്ചുകൊണ്ടായിരുന്നു പിരിഞ്ഞുപോയത്. അതുകൊണ്ടു മുതിർന്ന പുരുഷാവയവത്തിന്റെ അളവുകളെക്കുറിച്ചെനിക്കുണ്ടായിരുന്ന പല സംശയങ്ങളും മാറിക്കിട്ടി. ബീഡിക്കുറ്റി, പാളയങ്കോടൻ പഴം, നേന്ത്രപ്പഴം ഇങ്ങനെ പല വെറൈറ്റികൾ അക്കൂട്ടത്തിലുണ്ട് എന്നും മനസ്സിലായി.
കാലമങ്ങിനെ കഴിഞ്ഞുപോയി, രാജപ്പന്റെ ജീവിതം കൂടുതൽ, കൂടുതൽ ജലത്തിലായി, പകലും കൂടി. ചിലപ്പോഴൊക്കെ അയാൾ കുളക്കരയിലോ, തോട്ടിൻവക്കത്തെ കൈതക്കാട്ടിലോ കുത്തിയിരുന്നുറങ്ങുന്നത് ആളുകൾ കണ്ടു. ഒരുദിവസം ഞാനുമാക്കാഴ്‌ച കണ്ടു, പക്ഷേ എന്നെയത്ഭുതപ്പെടുത്തിയ കാര്യം രാജപ്പനുറങ്ങുകയായിരുന്നില്ല എന്നതായിരുന്നു. അയാൾ തോടിന്റെ ആഴങ്ങളിലേക്ക് കണ്ണുചിമ്മാതെ നോക്കി ഒരു പ്രതിമപോലെ ധ്യാനിച്ചിരിക്കുകയായിരുന്നു. പിന്നീട് കൂടുതൽ സമയങ്ങൾ അയാൾ കുളക്കരയിലും, തോട്ടുവക്കത്തും ധ്യാനിച്ചിരുക്കുന്നത് ആളുകൾ കാണാൻ തുടങ്ങി.
ഞാനാദ്യമായി രാജപ്പന്റെ മനുഷ്യസ്വരം കേൾക്കുന്നത് ഒരിക്കലെന്റെയമ്മ ബന്ധുക്കൾ വരുന്നത് പ്രമാണിച്ചു രാജപ്പനോട് കുറച്ചുനല്ല തോട്ടുവരാൽ തരാമോ എന്ന് ചോദിച്ചപ്പോളാണ്. നടപ്പുനിർത്തി അമ്മപറഞ്ഞതു കേട്ടശേഷം ആരുടേയും മുഖത്തുനോക്കാതെ സുന്ദരമായ പുരുഷശബ്ദത്തിലായാൾ പറഞ്ഞു,"തരാം" പക്ഷേ അതൊരിക്കലും നടന്നില്ല, യാതൊന്നും സംഭവിക്കാത്തതുപോലെ രാജപ്പൻ പിന്നീടുള്ള ദിവസങ്ങളിൽ വീടിനുമുന്നിലൂടെ നടന്നുപോയി, അമ്മയൊട്ടു ചോദിക്കാനുംപോയില്ല, ഇയ്യാളെന്തു മനുഷ്യനാണ് എന്നൊരു ആത്മഗതമല്ലാതെ.
രാജപ്പനൊരു 'സെൻ' ബുദ്ധിസ്റ് ആയിരുന്നോ എന്നാണിപ്പോൾഎന്റെ സംശയം, കാരണം അത്മീയതയുടെ ആഴമുള്ള അനുഭവത്തിൽ നിന്നല്ലാതെ എങ്ങിനെയാണ് ഒരാൾക്കിത്ര ധ്യാനാത്മക ജീവിതം സാധ്യമാകുന്നത്?
എന്തായിരിക്കാമയാൾ ജലാശയങ്ങളുടെ ആഴങ്ങളിൽ തപ്പിയത്? എന്താണയാൾ അവിടെ കണ്ടെത്തിയത്? എങ്ങിനെയാണ് മനുഷ്യബന്ധമുപേക്ഷിച്ചു ജലാശയങ്ങളിലെ ജീവനുമായി മാത്രം ബന്ധം സ്ഥാപിച്ചു ജീവിക്കാനായാൾക്കു സാധിച്ചത്?
ആളനക്കമോ, വെളിച്ചമോ ഒട്ടുമില്ലാത്ത വിജനമായ പാടശേഖരങ്ങളിലെ കുളങ്ങളിൽ മുങ്ങിയിരുന്ന് പേടിപ്പിക്കുന്ന കുറുക്കന്മാരുടെ ഓരിയിടലുകൾക്കും, രക്തം കട്ടയാക്കുന്ന കാലൻകോഴിയുടെ അലർച്ചകൾക്കുമിടയിൽ രാത്രികൾ കഴിച്ചുകൂട്ടാനായത്?
എന്തുകൊണ്ടാണ് അയാൾ ആരോടും, ഒന്നും മിണ്ടാതെ ജീവിച്ചത്? മദ്യപാനിയല്ലാതിരുന്ന അയാൾ ആർക്കാണ് പിടിച്ചിരുന്ന മീനുകൾ വിറ്റിരുന്നത്? ആ പണം കൊണ്ടയാൾ എന്താണ് ചെയ്തിരുന്നത്? ഇതെല്ലാം ഇന്നും അജ്ഞാതമാണ്.
ജ്ഞാതമായത് ഒന്നേയുള്ളു, അതിതാണ്. ഒരു പകൽ രാജപ്പന്റെ വീട്ടിൽനിന്ന് കല്യാണിയുടെ ശബ്ദം ഉയർന്നുകേട്ടു എന്നാൽ ശ്രദ്ധിച്ച ആർക്കുംതന്നെ രാജപ്പന്റെ ശബ്ദം കേൾക്കാനായില്ല. ആർത്തിയോടെ കൂർപ്പിച്ച ചെവികളുടെയും, കണ്ണുകളുടെയും മുന്നിലൂടെ ഞാനീ ഭൂമിയിലേയില്ല എന്നമട്ടിൽ രാജപ്പൻ നിലംതൊടാതെ ഡ്രാക്കുള നടത്തം നടന്നുപോയി, തോളിൽ വീശുവലയും, കയ്യിൽ പതിവ് കുടയുമായി.
പിറ്റേന്ന് പെരിയാർവാലി കനാലിന്റെ അടിയിലെ കലുങ്കിലൂടെ ഒഴുകിയിരുന്ന തോട്ടിൽ തലമാത്രം പുറത്താക്കി നിത്യധ്യാനത്തിലിരുന്ന രാജപ്പനെ ആൾക്കാർ കണ്ടു.
പതിവ് ധ്യാനമാണെന്നു തെറ്റിദ്ധരിച്ച നാട്ടുകാർ ഉച്ചകഴിഞ്ഞു തിരിച്ചുവന്നപ്പോളും ധ്യാനം തുടരുന്നതുകണ്ടു സംശയിച്ചു, ധ്യാനാത്മക രൂപത്തിൽത്തന്നെ മരവിച്ച രാജപ്പനെ പുറത്തെടുത്തു.
എനിക്കിന്നും പിടികിട്ടാത്ത അത്ഭുതം എന്തിനാണ് കല്യാണി രാജപ്പനെന്ന ഉഭയജീവിയുടെ നിർജ്ജീവ ശരീരം വീട്ടിലെത്തിച്ചപ്പോൾ അലമുറയിട്ടു കരഞ്ഞതെന്നാണ്.
കുറച്ചു ദിവസങ്ങൾകൂടി ആ കരയിലിരുന്ന വലയും, കൂടയുംമാത്രം അയാൾക്ക് വേണ്ടി കാത്തിരുന്നു.

PS:ദയവുചെയ്ത് ഇതിലെ പേരുകൾക്ക് പിന്നാലെ ആരും പോകരുതെന്ന് അപേക്ഷിക്കുന്നു. ഇതിലെ ജീവിതങ്ങൾ യാഥാർത്ഥമാണ്. പക്ഷേ പേരുകൾ, സ്ഥലങ്ങൾ എന്നിവ ശരിയല്ല. ഈ കഥയ്ക്കുശേഷം ജീവിച്ചിരിക്കുന്നവരുടെ മാന്യതയോർത്തു. ഇതിൽ പലയിടത്തും എന്റെ ഭാവന ഞാനറിയാതെ തന്നെ കലർന്നിട്ടുണ്ട്, അത് മനഃപ്പൂർവ്വമല്ല, ചെറുപ്രായത്തിലെ ഓർമ്മകൾ ചികഞ്ഞെടുക്കുമ്പോൾ സംഭവിക്കാവുന്ന കാര്യം മാത്രമാണ്. ഇതൊരു കഥയായി മാത്രം എടുത്താൽ മതിയെന്നുംകൂടി അഭ്യർത്ഥിക്കുന്നു.

Comments

Post a Comment

Popular posts from this blog

സ്വപ്നങ്ങൾ എല്ലാം സുന്ദരമാണ് പക്ഷെ യാഥാർഥ്യമങ്ങിനെയല്ല

പൂർണ്ണത - Perfection