സ്വപ്നങ്ങൾ എല്ലാം സുന്ദരമാണ് പക്ഷെ യാഥാർഥ്യമങ്ങിനെയല്ല

മനുഷ്യരുടെ  എക്കാലത്തെയും സ്വപ്‍നമാണ് അമരത്വം, സ്വമത്വം 
എന്നാൽ ഇന്നുവരെയും അതാർക്കും സാക്ഷാൽക്കരിക്കാനൊട്ടു പറ്റിയിട്ടുമില്ല, എങ്കിലും ഓരോ തലമുറയിലെയും മനുഷ്യർ യാതൊരു വ്യത്യാസവുമില്ലാതെ അത് കണ്ടുകൊണ്ടേയിരിക്കുന്നുവെന്നത് വല്ലാത്തൊരു തമാശയാണ്.

അമരത്വത്തിന്റെ കാര്യം പോകട്ടെ, അത് മതങ്ങളുടെകയ്യിൽ നിന്ന് ഏറ്റെടുത്ത ശാസ്ത്രം ഇന്നോ, നാളെയോ സാധിച്ചുതരാമെന്ന്  നമ്മെ കൊതിപ്പിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. എന്നാൽ സമ്പൂർണ്ണ സമത്വം എന്നത് തികച്ചും അപ്രായോഗികമായ  ഒരു സ്വപ്നമായിത്തന്നെ ഇനിയും നിലനിർത്തേണ്ട ആവശ്യമുണ്ടോ? മാനവസസ്കൃതി ഇത്രയേറെ മുന്നോട്ടുപോയ സ്ഥിതിക്ക് അത് സാക്ഷാൽക്കരിക്കാനെന്താണ് പ്രയാസം?

ഇതിലെ ഏറ്റവും രസകരമായ സംഗതിയെന്തെന്നുവച്ചാൽ ലോകമൊട്ടാകെയുള്ള സകല സമത്വവാദികളുടെയും സ്വപ്നം സാമ്പത്തിക സമത്വം മാത്രമാണെന്നതാണ്. അതിനപ്പുറത്തെ കാര്യങ്ങളിലുള്ള സമത്വം സാക്ഷാൽ ദൈവംതമ്പുരാനുപോലും ആകാത്തതാണെന്ന് ജീവിച്ചിരിക്കുന്ന ഓരോ മനുഷ്യർക്കുമറിയാം, അല്ലെങ്കിൽ ഇടത്തോട്ടും, വലത്തോട്ടുമൊക്കെയൊന്ന് തലതിരിച്ചുനോക്കിയാലതു മനസ്സിലാകും.
ആരോഗ്യം, സൗന്ദര്യം, കഴിവുകൾ, അവസരങ്ങൾ, അനുഭവങ്ങൾ എന്നിങ്ങനെ; സാക്ഷാൽ ദൈവം ഓരോരുത്തർക്കും നൽകിയിട്ടുള്ള  ഒന്നിലും  അൽപ്പംപോലും സമത്വം കണ്ടെത്താൻ ഒരു ജന്മംമുഴുവൻ ശ്രമിച്ചാലും ആർക്കുമാവില്ല.

പിന്നെ, ആകെയവശേഷിച്ചിട്ടുള്ളത് എങ്ങിനെയെങ്കിലും സാമ്പത്തിക സമത്വം സ്ഥാപിക്കാനാവുമോ എന്ന് ശ്രമിക്കുകയെന്നത് മാത്രമാണ്. പക്ഷേ അത് നടപ്പാക്കിയാൽത്തന്നെ 24 മണിക്കൂറുകൾക്കപ്പുറം നിലനിൽക്കുന്ന ഒന്നായിരിക്കുമോ? 

നാളെ സുപ്രഭാതത്തിൽ ലോകത്താകമാനമുള്ള സമ്പത്ത്‌  ജീവിച്ചിരിക്കുന്ന സകലമാന മനുഷ്യർക്കും തുല്യമായിവീതിച്ചുകൊടുക്കുയുകയാണെന്ന് സങ്കൽപ്പിക്കുക, അതേപോലെതന്നെ സകലർക്കും തുല്യ വരുമാനവുമെന്ന അവസ്ഥയുമുണ്ടാക്കുക. എന്തായിരിക്കാം സംഭവിക്കുക?

മിക്കവാറും ഒരു മാസത്തിനുള്ളിൽ, അങ്ങേയറ്റം ഒരുവർഷത്തിനുള്ളിൽ ആ സമത്വമൊക്കെ മൂക്കുകുത്തിത്താഴെവീണ് ലോകം പഴയ അസമത്വത്തിലേക്ക് തന്നെ പോകുമെന്നതിനൊരു സംശയവും വേണ്ട. കേരളത്തിലാണെങ്കിൽ നല്ലൊരുപങ്ക്  മനുഷ്യരുടെയും പണം മദ്യക്കടകളിലൂടെ സർക്കാരിലേക്കും, ബാർമുതലാളി/അബ്‌കാരികളുടെയും കയ്യിലേക്കെത്തും. അവിടെ കുമിഞ്ഞുകൂടാൻ തുടങ്ങും, ബാർനടത്തിപ്പുകാർ വീണ്ടും പഴയ മുതലാളീമാർ തന്നെയാകും, അബ്‌കാരികൾ നാടുവാഴും.

ബാക്കി അവശേഷിക്കുന്നവരിൽ നല്ലൊരുപങ്കും ശരിയായ ധനവിനിയോഗമറിയാത്തതിനാൽ ഗുണകരമല്ലാത്തതോ, കടബാദ്ധ്യതയിലേക്ക് നയിക്കുന്നതോ ആയ ശീലം തന്നെ തുടരും. സമത്വം തകിടം മറിയും. അതേപോലെതന്നെ രോഗികൾ, പെണ്മക്കളുടെ വിവാഹം പോലുള്ള മറ്റു കുടുംബബാദ്ധ്യതകൾ ഉള്ളവർക്കൊക്കെ  മറ്റുള്ളവരെക്കാൾ കൂടുതൽ പണം ആവശ്യമായി വന്നേക്കാം, അവർക്ക്  മറ്റുള്ളവരിൽ നിന്ന് കടം വാങ്ങേണ്ടി വാരികയും, അക്കാരണത്താൽത്തന്നെ സാമ്പത്തിക സമത്വം ഇല്ലാതാവുകയും ചെയ്യും. ഇതിനൊക്കെ അപ്പുറത്ത്‌, സമൂഹത്തിൽ എക്കാലത്തുമുണ്ടായിരുന്ന വക്രബുദ്ധികളും, സൂത്രശാലികളും, അവസരവാദികളും പലവിധതന്ത്രങ്ങൾകൊണ്ട് മറ്റുള്ളവരുടെ പണം തട്ടിയെടുത്തു ധനികരാവും(അങ്ങനെയാണല്ലോ ഇന്നും മിക്കവരും ധനികരാവുന്നത്?). ചുരുക്കത്തിൽ ഏതാനും മണിക്കൂറുകൾക്കപ്പുറത്തേക്ക് സമ്പൂർണ്ണ സാമ്പത്തിക സമത്വം നിലനിർത്താനാവില്ല.

പിന്നെന്തിനാണ് സകലർക്കും ഒരേ ശമ്പളം, ഒരേ പെൻഷൻ എന്നൊക്കെയുള്ള സ്വപ്നങ്ങളെ നാമൊക്കെ കാണുന്നതും, അതിനെ സാക്ഷാൽക്കരിക്കാമെന്ന വാഗ്ദാനവുമായി;  അത്  ആയുധമാക്കിക്കൊണ്ട് വരുന്ന ഒരുപറ്റം ആളുകളുടെ വാക്കുകളിൽ നാമൊക്കെ മയങ്ങിപ്പോവുന്നതും?

ജന്മനാ തന്നെയുള്ള പലവിധത്തിലുള്ള കഴിവുകളുടെ വ്യത്യാസം, ബുദ്ധിവ്യത്യാസം, ചിന്താശേഷിയുടെ വ്യത്യാസം, ആരോഗ്യ, സൗന്ദര്യ, ആയുസ്സ് വ്യത്യാസങ്ങൾ അതിനെയെല്ലാം മറികടന്ന് നമ്മെയൊക്കെ സങ്കടകരമായ അസമത്വത്തിന്റെ വിവിധ തലങ്ങളിലേക്ക് വീണ്ടും വിന്യസിക്കില്ലേ?

അതിനെയൊക്കെ മറികടക്കാൻ, സമ്പൂർണ്ണ സമത്വമുണ്ടാക്കാൻ, മാനവരെല്ലാം ഒരേപോലെയാക്കാൻ തുല്യ വരുമാനത്തിനാവുമോ?
ആവില്ലെന്നാണ് ഇപ്പോൾ നമുക്കുചുറ്റുമുള്ള തുല്യ വരുമാനക്കാരിലെ ജീവിതനിലവാരവ്യത്യാസം, ജീവിതത്തിന്റെ സമസ്തമേഖലകളിലുമുള്ള കടുത്ത അന്തരം ഒക്കെ ചൂണ്ടിക്കാട്ടുന്നത്. പിന്നെന്തിനാണ് അങ്ങിനെയൊരു സ്വപ്നത്തെ നാമിന്നും കാണുന്നതും, നടപ്പിലാക്കാമെന്ന് വ്യാമോഹിക്കുന്നതും?

സമത്വം, അമരത്വം, സ്വർഗ്ഗം ഒക്കെ മനുഷ്യർ വലിക്കുന്ന 'ജീവിതവണ്ടിയുടെ' മുന്നിൽ ഒരിക്കലും കടിക്കാനാവാത്തവണ്ണം ഞാത്തിയിട്ടിരിക്കുന്ന 'കാരറ്റുകൾ' മാത്രമാണ്, വണ്ടിവലിച്ചുകൊണ്ട് മുന്നോട്ടു നടക്കാൻ എന്തെങ്കിലുമൊരു പ്രചോദനം വേണമല്ലോ?

അത്രമാത്രമേ ഇതൊക്കെയുള്ളൂ എന്നതാണ് സത്യം. ചരിത്രവും സംസ്‌കാരങ്ങളും അതുതന്നെയാണ് നമുക്ക് മനസ്സിലാക്കിത്തന്നിട്ടുള്ളതും 

പക്ഷേ, നാം സുന്ദരമായ സ്വപ്നങ്ങൾ കാണാൻ ആഗ്രഹിക്കുന്നവരാണ് 

Comments

Popular posts from this blog

പൂർണ്ണത - Perfection

രാജപ്പനെന്ന ഉഭയജീവി.