What is adultery? - ഏതാണ് വ്യഭിചാരം?
എന്താണീ വ്യഭിചാരം? എപ്പോഴാണ് ഒരു ലൈംഗിക ബന്ധം വ്യഭിചാരമാവുന്നത്?
മതങ്ങൾ അനുവദിക്കാത്ത ലൈംഗിക ബന്ധങ്ങളെയാണ് വ്യഭിചാരമെന്ന് വിളിക്കപ്പെടുന്നത്. സമൂഹത്തിന് ഇക്കാര്യത്തിൽ വലിയ ഉൽക്കണ്ഠയൊന്നും ഇല്ലെന്നതാണ് പരമാർത്ഥം.
(കേരളത്തിലെയല്ല- കേരള സമൂഹം മൊത്തത്തിൽ ഒരു കപടസാദാചാര മതമാണ് )
മനുഷ്യ ചരിത്രത്തിന്റെ ആദ്യകാലങ്ങളിൽപ്പോലും; ഏതൊക്കെ ബന്ധങ്ങൾ വിശുദ്ധവും, ഏതൊക്കെ നിഷിദ്ധവുമെന്ന് തരം തിരിച്ചിട്ടുണ്ടായിരുന്നു, അതിനൊരു കാരണവുമുണ്ടായിരുന്നു. ആദ്യം അങ്ങോട്ടൊന്നു പോയിട്ട് നമുക്ക് സമകാലത്തേക്ക് വരാം.
മനുഷ്യന്റെ കുഞ്ഞാണ് ലോകത്തേറ്റവും നിസ്സഹായാവസ്ഥയിൽ പിറക്കുന്നതും, ഏറ്റവും നീണ്ടകാലം ആരുടെയെങ്കിലും തീവ്രമായ സംരക്ഷണം ആവശ്യമുള്ളതുമായ ഏക ശിശു. മനുഷ്യർ വേട്ടക്കാരനും,പെറുക്കിയുമായിരുന്ന(Hunter, gatherer) കാലഘട്ടത്തിൽ അന്നന്നത്തേയ്ക്കുള്ള ആഹാരം സമ്പാദിക്കുകയെന്നത് അതീവദുഷ്ക്കരമായ പ്രവർത്തിയായിരുന്നതിനാൽ, ഓരോ ദിവസവും ജീവൻ പണയംവച്ചുകൊണ്ട് അങ്ങിനെ സമ്പാദിക്കപ്പെടുന്ന ഭക്ഷണം തന്റെ കുഞ്ഞുങ്ങൾക്ക് തന്നെയാണ് ഉപകാരപ്പെടുന്നതെന്ന് ഉറപ്പിക്കാനായിട്ടാണ് ഒരു പുരുഷന്റെകൂടെ ജീവിക്കുന്ന സ്ത്രീ/സ്ത്രീകൾ അവന്റെ കുഞ്ഞുങ്ങളെത്തന്നെ പ്രസവിച്ചിരിക്കണമെന്ന നിർബന്ധം പുരുഷന്മാർക്കുണ്ടായത്.
അങ്ങിനെയുള്ള മാനസികാവസ്ഥയെ മനുഷ്യൻ കാർഷിക സമൂഹമായി മാറിയപ്പോൾ ഒരു സാമൂഹിക മനസികാവസ്ഥയായും, അതിന്റെ സൂക്ഷിപ്പുകാരും, സംരക്ഷകരുമായി മതങ്ങളെ ഏൽപ്പിക്കാനുമിടയാവുകയായിരുന്നു. അനഭിമതമായ ലൈംഗിക ബന്ധങ്ങൾ അനഭിമതരായ കുഞ്ഞുങ്ങളെ ജനിപ്പിക്കുമെന്നും, അവരെ പരിപാലിക്കാൻ ആരുമുണ്ടാവില്ലെന്നതുകൊണ്ടും അതിനെ കഴിയുന്നത്ര നിരുത്സാഹപ്പെടുത്താനായിരുന്നു അത്തരം ബന്ധങ്ങളെ ദൈവകോപമുണ്ടാക്കുന്ന കഠിനപാപമായ വ്യഭിചാരം എന്നപേരിൽ വിളിക്കാനുമിടയായത്.
എന്നാൽ കാലം മാറിയതോടെ, ആധുനിക ഗർഭനിരോധന മാർഗ്ഗങ്ങളുടെ വരവോടെ, അന്യന്റെ മക്കൾക്ക് സ്വന്തം ഭർത്താവിന്റെ വിയർപ്പിൽനിന്ന് ഭക്ഷണം കൊടുപ്പിക്കേണ്ട ഗതികേടിൽ നിന്ന് സ്ത്രീകൾ മോചിതരാവുകയും, അവർ അത്തരം ബന്ധങ്ങളെ സ്വീകരിക്കാൻ ആരംഭിക്കുകയും, അത് ഇക്കാലത്ത് കൂടുതൽ വ്യാപകമായിത്തീരുകയും ചെയ്തു. അതിനുള്ള പ്രധാന കാരണം സ്വന്തം ഭർത്താവിന്റെ ലൈംഗികശേഷിക്കുറവോ, വൈദഗ്ദ്യമില്ലായ്മയോ ആകണമെന്നില്ല, പകരം അവരിലെ പ്രകൃതിദത്തമായ ജൈവചോദനയുടെ ഭാഗമായ താല്പര്യമാകാമെന്നതാണ് സത്യം. എന്താണത്?
നിങ്ങൾ പ്രകൃതിയിലേക്ക് നോക്കിയാൽ സകല ജീവിവർഗ്ഗങ്ങളിലും തന്റെ കുഞ്ഞിന്റെ അച്ഛൻ ആരാകണമെന്ന് തീരുമാനിക്കാനുള്ള അവകാശം അതിലെ പെൺകൂട്ടർക്കാണ്. അതേ അടിസ്ഥാനചോദന മനുഷ്യസ്ത്രീയിലുമുണ്ട്. അതാണ്, തന്റെ ഭർത്താവിനേക്കാൾ ഏതെങ്കിലും തരത്തിലുള്ള 'മൂല്യം'(പണമാകാം, സൗന്ദര്യമാകാം, ആരോഗ്യമാകാം അങ്ങിനെ പലതുമാകാം) കൂടുതലുള്ള പുരുഷന്മാരെ കാണുമ്പോൾ ഏതൊരു സ്ത്രീയിലും അയാളോട് ലൈംഗികാകർഷണമുണ്ടാവുന്നത്.
അത് തികച്ചും നോർമ്മലായ ഒരു സംഗതിയാണ്(അതവർ ഒരിക്കലും തുറന്നു പ്രകടിപ്പിക്കില്ലെന്ന് മാത്രം).
മനുഷ്യർക്ക് രണ്ടു തരത്തിലുള്ള താല്പര്യങ്ങളും, അവയോടു ബന്ധപ്പെട്ട് രണ്ടുതരത്തിലുള്ള വികാരങ്ങളുമുണ്ട്.
1) നിയന്ത്രണവിധേയമായവ(voluntary) - ഇത് ജൈവപരമായ അത്യാവശ്യമുള്ളതല്ലാത്തതിനാൽ നമുക്കതിനെ വേണമെന്നോ,വേണ്ടെന്നോ വയ്ക്കാനാവും. ഉദാ- മദ്യപാനം, പുകവലി, മാസാഹാരം തുടങ്ങിയവ
2) നിയന്ത്രിക്കാനാവാത്തവ(involuntary) - ഇത് ജൈവപരമായി നമ്മുടെ നിലനില്പിനത്യാവശ്യമായവ ആയതുകൊണ്ട് അവയെ നമുക്ക് വേണ്ടെന്നുവയ്ക്കാനോ, അമിതമായി നിയന്ത്രിക്കാനോ ആവില്ല ഉദാ - ആഹാരം കഴിക്കൽ, ഉറക്കം, വിസർജ്ജനം, ലൈംഗികബന്ധം തുടങ്ങിയവ.
അതുകൊണ്ട് പുരുഷനായാലും, സ്ത്രീയ്ക്കായാലും ലൈംഗിക സംതൃപ്തി ജീവിതത്തിൽ അത്യാവശ്യമായ ഒന്നുതന്നെയാണ്. സ്വന്തം പങ്കാളിയിൽ നിന്ന് അത് ലഭ്യമല്ലെങ്കിൽ മറ്റൊരാളിൽ നിന്ന് അത് നേടുന്നതിൽ യാതൊരു തെറ്റുമില്ല.
എന്നാലിന്ന് പഴയകാലത്തെ വ്യഭിചാരം എന്ന പേരിലുള്ള ലൈംഗിക നിയന്ത്രണങ്ങൾ ആവശ്യമില്ലാത്ത കാലഘട്ടമാണ്. ഇന്നത്തെ ലൈംഗിക ബന്ധങ്ങളെ രണ്ടായി തരം തിരിക്കാം,
1) ഉത്തരവാദിത്വത്തോടെയുള്ള ബന്ധങ്ങൾ - responsible sex
ഇവിടെ തന്റെ ലൈംഗിക പങ്കാളിയുടെ ലൈംഗികബന്ധത്തിനുശേഷമുള്ള ഉത്തരവാദിത്വങ്ങൾ കൂടി ഏറ്റെടുത്തുകൊണ്ടുള്ള ബന്ധം - അത് ഭാര്യാഭർതൃ ബന്ധമാവാം, ഒന്നിച്ചുള്ള ജീവിതമാകാം(Living together). ഇവിടെ രണ്ടുവ്യക്തികളും പരസ്പ്പരം അവരുടെ ലൈംഗിക ബന്ധത്തോടനുബന്ധിച്ചുള്ള കാര്യങ്ങളിൽ(ഗർഭം, പ്രസവം, ശിശുപരിപാലനം) ഉത്തരവാദിത്വമുള്ളവരായിരിക്കണം. അതാണ് ഏറ്റവും യോജ്യമായതും, സ്വീകാര്യമായതുമായ ബന്ധം.
2) ഉത്തരവാദിത്വമില്ലാത്ത ബന്ധങ്ങൾ - Irresponsible sex
ഇവിടെ ലൈംഗിക സുഖമെന്നതിനപ്പുറം മറ്റൊരു ലക്ഷ്യവുമില്ലാത്തതിനാൽ അതിലുൾപ്പെടുന്ന വ്യക്തികൾക്ക് അതിനുശേഷമുള്ള അവരുടെ യാതൊരു കാര്യത്തിലും ഉത്തരവാദിത്വമുണ്ടാവില്ല. അത് ശരിയല്ലാത്ത ബന്ധമെന്ന് വിളിക്കാവുന്നതാണ്, കാരണം ഇവിടെ പങ്കാളിയെ(മിക്കവാറും സ്ത്രീകളെ) വെറും ഉപകരണം മാത്രമായി കരുതപ്പെടുന്നു എന്നതുകൊണ്ടാണ്.
മേല്പറഞ്ഞവയിൽ ഉത്തരവാദിത്വമില്ലാത്ത ബന്ധത്തെ വേണമെങ്കിൽ വ്യഭിചാരമെന്ന് വിളിക്കാവുന്നതാണ്.
എന്നാൽ ഇക്കാലത്ത് വിവിധതരത്തിലുള്ള ഗർഭ നിരോധന മാർഗ്ഗങ്ങൾ ഉള്ളതിനാൽ ലൈംഗികബന്ധത്തിനുശേഷമുണ്ടാവാനിടയുള്ള ഉത്തരവാദിത്വങ്ങൾ ഒഴിവാക്കപ്പെടുമെന്നതുകൊണ്ട് മതപരമായ പാപമെന്ന വിലക്കിനേക്കാൾ മുൻഗണന അവനവന്റെ ജൈവപരമായ, സ്വയനിയന്ത്രണവിധേയമല്ലാത്ത ലൈംഗിക ബന്ധത്തിനുള്ള താല്പര്യത്തിന് ഇന്നത്തെ
പുരുഷന്മാരും, സ്ത്രീകളും കൊടുക്കുന്നതുകൊണ്ടാണ് വിവാഹേതര ലൈംഗിക ബന്ധങ്ങൾ വല്ലാതെ കൂടുന്നതിന്റെ കാരണം.
അതിനി വ്യഭിചാരമെന്നോ, അധാർമ്മികമെന്നോ, ദുരാചാരമെന്നോ വിളിച്ചു തടയാൻ ശ്രമിക്കുന്നതിനേക്കാൾ മനുഷ്യത്വപരമായത് മനുഷ്യർ അവർക്കാവശ്യമുള്ളത് ചെയ്തോട്ടെയെന്നു വയ്ക്കുക തന്നെയാണ്. എന്റെ ഭാര്യക്ക് നല്കാനാവാത്തത് ഞാൻ മറ്റൊരാളിൽനിന്ന് നേടുന്നതോ, തിരിച്ചോ തടയാൻ ആർക്കാണ് അധികാരമുള്ളത്?
എന്റെ ശരീരത്തിന്റെ നിയന്ത്രണവിധേയമല്ലാത്ത ആവശ്യങ്ങളെ തെറ്റെന്നോ, പാപമെന്നോ വിളിക്കാൻ ആർക്കാണാവകാശം?
എന്നോട് നിങ്ങൾക്ക് മദ്യപിക്കരുതെന്ന്, പുകവലിക്കരുതെന്ന്, ചൂതുകളിക്കരുതെന്നൊക്കെ ഉപദേശിക്കാനുള്ള അവകാശമുണ്ട്, പക്ഷേ ആഹരിക്കരുത്, വെള്ളംകുടിക്കരുത്, മലവിസർജ്ജനം നടത്തരുത്, മൂത്രമൊഴിക്കരുത്, ലൈംഗികബന്ധമരുതെന്നൊക്കെ പറയാൻ അവകാശമുണ്ടോ?
എനിക്ക് വിശന്നാൽ ഭക്ഷണം സൗജന്യമായി നൽകാൻ ആരുമില്ലാതെയായാൽ ഞാൻ പണം കൊടുത്തു ഭക്ഷണം വാങ്ങിക്കഴിക്കും.
എനിക്ക് ലൈംഗികവിശപ്പുണ്ടായാൽ അത് സൗജന്യമായി ലഭിക്കാതെ വന്നാൽ അത് പണം കൊടുത്തു വാങ്ങും. ഞാൻ ഇതുരണ്ടും തമ്മിൽ ഒരു വ്യത്യാസവും കാണുന്നില്ല, കാരണം ഇന്ന് ലൈംഗിക ബന്ധത്തോടനുബന്ധിച്ചുള്ള ഉത്തരവാദിത്വങ്ങളെ ഒഴിവാക്കാം എന്നതുകൊണ്ട് മാത്രമാണ്. പണ്ട് അത് സാദ്ധ്യമല്ലായിരുന്നു
അപ്പോൾ പറയൂ, എന്താണ് വ്യഭിചാരം? എന്താണ് അതിലെ പാപം?
ഞങ്ങടെ പുസ്തകത്തിൽ അങ്ങിനെ പറഞ്ഞിട്ടുണ്ടെന്ന ന്യായീകരണം എന്നോട് പറയരുത്
Comments
Post a Comment