കാലത്തിനു മാത്രം തീർക്കാവുന്ന കണക്കുകൾ - Time the greatest slayer and healer
ഒരു പെൺകുട്ടി വിവാഹിതയായി ഭർത്താവിന്റെ വീട്ടിലെത്തിയാൽ അവളുടെ ഇഷ്ട്ടങ്ങൾ ബലികഴിക്കേണ്ടി വരുന്നത് ശരിയാണോ?
ശരിയാണെന്ന് ആരും പറയില്ല. പക്ഷെ അങ്ങിനെ ചെയ്യേണ്ടി വന്ന ഒരു പെൺകുട്ടിയുടെ ഗതികേടിനെക്കുറിച്ചും, അതിനു കാലം കാത്തുവച്ചുകൊടുത്ത പ്രതികാരത്തിന്റെയും കഥയാണ് പറയാൻ പോകുന്നത്.
എന്റെ ഭാര്യയായി അവൾ വീട്ടിൽ കാലെടുത്തു കുത്തുമ്പോൾ അവളുടെ പ്രായം ഇരുപത്തിമൂന്ന്. വിവാഹജീവിതത്തിൽ പല കഠിനമായ വിട്ടുവീഴ്ചകളും, ഇഷ്ട്ടങ്ങൾ ബലികഴിക്കേണ്ടതായും വരുമെന്ന് അവൾ ആദ്യമായി മനസ്സിലാക്കിയത് ആദ്യരാത്രി കഴിഞ്ഞ പ്രഭാതത്തിലാണ്.
എന്റെ വീട്ടിൽ എല്ലാവരും കടുത്ത ചായപ്രേമികളാണ്, മാത്രമല്ല, ചായകുടിക്കുന്നത് അന്തസ്സിന്റെ പ്രതീകമായും, ചായകുടിയന്മാർ വിശിഷ്ട ജന്മങ്ങളുമാണെന്നൊക്കെയുള്ള അഹങ്കാരവും, അത് പറ്റുന്നിടത്തൊക്കെ എഴുന്നള്ളിച്ചു കേമന്മാർ ആകുന്നവരും ആയിരുന്നു.
അതുകൊണ്ട് കാപ്പി കുടിക്കുന്നവരൊക്കെ അധമരാണെന്ന ഒരു ചിന്ത എന്റെ ഉപബോധമനസ്സിൽ കൂടിയിരിപ്പുണ്ടായിരുന്നു. അങ്ങിനെ കാപ്പി മാത്രം കുടിച്ചു ശീലിച്ച അവൾക്ക് വിവാഹജീവിതത്തിന്റെ ആദ്യദിവസം തന്നെ വിവാഹജീവിതത്തിൽ എന്തായിരിക്കാം തുടർന്ന് സംഭവിക്കാൻ പോവുകയെന്നതിനെക്കുറിച്ച് ഒരേകദേശ ധാരണ കിട്ടി.
എന്നാൽ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അന്ന് വൈകിട്ട് അമ്മ അവൾക്കുമാത്രമായി കാപ്പിയുണ്ടാക്കിക്കൊടുത്തു(രാവിലെ തന്നെ ആരെയോ വിട്ട് അമ്മ കാപ്പിപ്പൊടി വാങ്ങിപ്പിച്ചിരുന്നു). തുടർന്ന് എന്നോടൊരുപദേശവും,
'നിനക്കിഷ്ടമുള്ളതെല്ലാം അടിച്ചേൽപ്പിക്കാനുള്ളതല്ല ഭാര്യ. ഒന്നുകിൽ നീയും അവളോടൊപ്പം കാപ്പികുടിക്കാൻ തുടങ്ങണം, അല്ലെങ്കിൽ അവളെ കാപ്പികുടിക്കാൻ അനുവദിക്കണം'
അന്നുരാത്രി ഞാൻ അവളോട് വളരെ വിശദമായി ചായയുടെ, ചരിത്രം, അതിന്റെ മഹത്വത്തെക്കുറിച്ചൊക്കെ വിശദമായ ഒരു ക്ലാസ് എടുത്തു. മാത്രമല്ല ചായ കുടിക്കുന്നവരൊക്കെ ആഢ്യത്വമുള്ള, ഉയർന്ന വർഗ്ഗക്കാരാണെന്നും, കാപ്പിയൊക്കെ സാധരണക്കാരായ പണിക്കാരുടെ പാനീയമാണെന്നും പറഞ്ഞുധരിപ്പിച്ചു.
എന്തായാലും ഒരാഴ്ചക്ക് ശേഷം ഞങ്ങൾ തനിയെ താമസിക്കാൻ തുടങ്ങിയപ്പോൾ അവൾ ചായമാത്രം ഉണ്ടാക്കിയിട്ട് പറഞ്ഞു,
'എനിക്ക് രണ്ടുവിധത്തിൽ ഉണ്ടാക്കാനുള്ള സമയമില്ല, അതുകൊണ്ട് ഞാനും ഇനിമുതൽ ചായകുടിച്ചോളാം'
അങ്ങിനെ ഭാര്യയുടെ മേൽ നേടിയെടുത്ത ആദ്യത്തെ സൈദ്ധാന്തിക വിജയത്തെ ഞാൻ മനസ്സുകൊണ്ട് ആസ്വദിച്ചു, ആത്മഗതമായി പറഞ്ഞു, "ഞാനും ഒരാണായിക്കഴിഞ്ഞിരിക്കുന്നു"
കാലം കഴിഞ്ഞപ്പോൾ അവൾ എന്നേക്കാൾ കടുത്ത ചായപ്രേമിയായി, എവിടെപ്പോയിട്ടായാലും നല്ല തേയിലതന്നെ സംഘടിപ്പിച്ചു കുടിക്കണമെന്ന വാശിക്കാരിയായി. അതുകൊണ്ടു മാത്രം ഞങ്ങൾ എല്ലാവർഷവും രണ്ടു പ്രാവശ്യം വീതം മൂന്നാറിലേക്ക് പോകാൻ തുടങ്ങി. പലതും പരീക്ഷിച്ചശേഷം കൊളുക്കുമല BOP, FOP (broken orange pekoe, flowery orange pekoe ) ചായകളുടെ ആരാധകരായി.
പക്ഷെ അധികനാൾ കഴിയും മുൻപേ ആ ചായകൾക്ക് എന്തോ സംഭവിച്ചു, അത് കാശിനു കൊള്ളാത്തവയായി മാറിയപ്പോൾ ഞങ്ങൾ യാത്രകൾ ഊട്ടിയിലേക്കാക്കി അവിടെ നിന്നുള്ള TAN TEA യുടെ Tiger leaf ചായ ഫാനുകളായി. അതും അധികനാൾ നീണ്ടില്ല, അടുത്തകുറെ നാളുകളായി കൂനൂരിലെ 'കോരക്കുണ്ട' കമ്പനിയുടെ BOP കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു.
എന്നാൽ ഇപ്പോൾ ഞങ്ങളുടെ നാവുകൾക്ക് പിടിച്ചതരത്തിലുള്ള തേയില കിട്ടാനില്ലാതെയായി. ഞാൻ ഭാര്യയോട് പറഞ്ഞു, ചായകുടിക്കുന്നത് ഇപ്പോളൊരു പീഡനം പോലെയായി എന്താണ് ചെയ്യുക?
കഴിഞ്ഞ ദിവസം ഞാൻ പോയി 'നെസ്‌ലെയുടെ' ഒരു കുപ്പി ഇൻസ്റ്റന്റ് കാപ്പിപ്പൊടി വാങ്ങിക്കൊണ്ടുവന്നു. അതുകണ്ട ഭാര്യ ചോദിച്ചു, എന്താണിപ്പോൾ ഇതുവാങ്ങിയത്?
ഞാൻ - കണ്ട പന്ന ചായ കുടിക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ് ഇൻസ്റ്റന്റ് കാപ്പികുടിക്കുന്നത്?
മാത്രമല്ല, ഇപ്പോൾ നല്ല മുന്തിയതരം ഇൻസ്റ്റന്റ് കാപ്പികൾ കിട്ടാനുണ്ട്, അതൊക്കെ കുടിക്കുന്നതാണ് ഇപ്പോഴത്തെ ഫാഷൻ. അങ്ങിനെയുള്ള കാപ്പിയൊക്കെയാണ് ഇപ്പോഴത്തെ ആഢ്യത്വമുള്ളവർ കുടിക്കുന്നത്.
അങ്ങിനെ ഇന്ന് ഇപ്പോഴിതാ, നല്ല കൊഴുകൊഴേ കൊഴുത്ത ഒരിന്സ്റ്റന്റ് കാപ്പികുടിച്ചതിന്റെ ഉന്മാദാവസ്ഥയിലാണ് ഈ പോസ്റ്റെഴുതുന്നത്. സംശയമൊന്നുമില്ല. കാപ്പിയാണ് ആഢ്യത്വമുള്ളവരുടെ പാനീയം. ചായയൊക്കെ താഴേക്കിടയിലുള്ളവർ കുടിക്കുന്ന വിലകുറഞ്ഞ പാനീയമാണ്.
ഞാൻ കാപ്പി ആസ്വദിച്ച് കുടിക്കുന്നതുകണ്ട് ഭാര്യ ചിരിച്ച ചിരി ഒരു കത്തി പോലെ എന്റെ നെഞ്ചിലേക്ക് കയറിയോ എന്നൊരു സംശയമില്ലാതില്ല.
Comments
Post a Comment