എന്നെ, ഞാൻ വിചാരണ ചെയ്തപ്പോൾ Questions and answers I asked to myself

എന്നെ, ഞാൻ വിചാരണ ചെയ്തപ്പോൾ, എന്നോട് ഞാൻ ചോദിച്ച ചോദ്യങ്ങളും - പറഞ്ഞ ഉത്തരങ്ങളും

എന്തിനാണ് നീ വായന കുറച്ചത് ?
ഫേസ്‌ബുക്കിൽ നിരങ്ങാൻ സമയം കണ്ടെത്താൻ

എന്തിനാണ് ഫേസ്‌ബുക്കിൽ നിരങ്ങുന്നത് ?
ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന് എല്ലാവരെയും അറിയിക്കാൻ

എന്താണ് ഫേസ്‌ബുക്കിൽ നീ ചെയ്യുന്നത്?
മനസ്സിൽ വരുന്ന ചിന്തകളെ മുഴുവൻ ചൂടാറാതെ എഴുതിക്കൊണ്ടിരിക്കുന്നു

ചിന്തകളെ എന്തിനാണ് ഫേസ്‌ബുക്കിൽ എഴുതുന്നത്?
ഞാൻ അറിവുള്ളവനാണെന്ന് എല്ലാവരെയും അറിയിക്കാൻ

അങ്ങിനെയൊരു ധാരണ എന്തിനാണ് മനുഷ്യരിൽ ഉണ്ടാക്കുന്നത്?
പ്രശംസ എന്റെ ബലഹീനതയാണ് അതാവോളം കിട്ടുമോയെന്ന് നോക്കാൻ

നീ ചെയ്യുന്ന കാര്യങ്ങളെല്ലാം എന്തിനാണ് ഫേസ്‌ബുക്കിൽ കൊട്ടിഘോഷിക്കുന്നത് ?
ആത്മപ്രശംസ എന്റെ കടുത്ത ബലഹീനതയാണ്

നീയെപ്പോഴും നിന്റെ പ്രൊഫൈൽ ഫോട്ടോ കാമറ ആപ്പുകൾ ഉപയോഗിച്ച് സൗന്ദര്യവൽക്കരിച്ചു മാറ്റിക്കൊണ്ടിരിക്കുന്നതെന്തിനാണ്?
എന്റെ സൗന്ദര്യത്തെക്കുറിച്ചുള്ള മതിപ്പ് കൂട്ടാൻ, ഞാൻ സുന്ദരനെന്ന് കാട്ടാൻ

അറുപതു കഴിഞ്ഞ നീയെന്തിനാണ് സൗന്ദര്യത്തെക്കുറിച്ചിത്ര വേവലാതിപ്പെടുന്നത്?
കഴിയുന്നത്ര സ്ത്രീ സുഹൃത്തുക്കളുടെ ആരാധന പിടിച്ചുപറ്റാൻ

എന്തിനാണിനി സ്ത്രീ സുഹൃത്തുക്കളുടെ ആരാധന?
ഒരു പുരുഷനാണെന്ന ബോധമുദിച്ചപ്പോൾ മുതലുള്ള ഒരു ബലഹീനതയാണ് അതിൽനിന്ന് സ്വയം മോചിപ്പിക്കാനാവുന്നില്ല

അപ്പോൾ നീ ഇടയ്ക്കിടയ്ക്ക് പറയുന്ന നിന്റെ ആത്മീയതയോ?
ആത്മീയത എന്റെ ലക്ഷ്യം തന്നെയാണ്, പക്ഷെ എന്റെ മനസ്സിപ്പോഴും സ്വതന്ത്രമല്ല. അതെന്റെ പിടിയിൽ നിൽക്കാതെ ചാടിക്കൊണ്ടേയിരിക്കുന്നു

ഇനിയെന്നാണ് നിനക്ക് പ്രായത്തിനനുസരിച്ചുള്ള പക്വതയുണ്ടാവുക? നീയൊരു മാതൃകയായി ജീവിക്കുക?
പക്വത എന്താണെന്നും, ആർക്കാണ് മാതൃകയുടെ ആവശ്യമെന്നും പറഞ്ഞുതരുമോ?

നീയെന്തുകൊണ്ടാണ് മറ്റുള്ളവർ അംഗീകരിക്കുന്ന വിശ്വാസം, ദൈവം, മതം, രാഷ്ട്രീയം എന്നിവയിൽ വിശ്വസിക്കാത്തത്?
അതല്ലേ കുറേക്കാലമായി ഞാൻ നിന്നോട് ചോദിച്ചുകൊണ്ടിരിക്കുന്നത്? നീയെന്തേ ഇതുവരെ ഉത്തരം പറഞ്ഞില്ല?

അപ്പോൾ നീയൊരു സ്വയം പൊങ്ങിയും, അഹങ്കാരിയും, ആത്മപ്രശംസക്കാരനും, സ്വാർത്ഥനും, അധാർമ്മിക ചിന്തകൾ വച്ചുപുലർത്തുന്ന ഒരു സദാചാരമില്ലാത്തവനാണല്ലേ?
എല്ലാവരുടെയും കയ്യിൽ ഒരേ അളവുകോൽ ഉണ്ടാവുന്നിടത്തോളം കാലം അത് ശരിയാണെന്നു തോന്നുന്നില്ല. ഇപ്പോൾ ഓരോരുത്തരും അവരവർ ഉണ്ടാക്കിയ അളവുകോൽ വച്ചാണ് എന്നെ അളക്കുന്നത്. അത് സ്റ്റാൻഡേർഡൈസ്‌ ചെയ്യുന്ന കാലത്തു ഞാൻ ഈ ചോദ്യത്തിന് ഉത്തരം തരാം.

ഇനി നിനക്കുള്ള ശിക്ഷ വിധിക്കാൻ പോവുകയാണ്, അതിനു മുന്നേ എന്തെങ്കിലും പറയാനുണ്ടോ?

ഉണ്ട്, നീ എന്നിൽ ആരോപിച്ച കുറ്റങ്ങൾ, കുറവുകൾ ഒക്കെ എനിക്ക് ജന്മസിദ്ധമായി ലഭിച്ചതാണ്, ഞാൻ "എന്നെയുണ്ടാക്കാൻ'" ഒരിക്കലും ശ്രമിച്ചിട്ടില്ല. എന്റേതല്ലാത്ത കുറ്റത്തിന് എനിക്ക് ശിക്ഷ വിധിക്കാൻ നിനക്കെന്താണാവകാശം?

എന്റെ അച്ഛനമ്മമാർ, അവരുടെ സംസ്ക്കാരം, ഞാൻ വളർന്ന കുടുംബം, ചുറ്റുപാടുകൾ, ഞാൻ നേരിടേണ്ടിവന്ന അനുഭവങ്ങൾ, എന്നിൽ സ്വയമേവ മുളച്ച ജൈവചോദനകൾ, താല്പര്യങ്ങൾ, ഒന്നും ഞാൻ തിരഞ്ഞെടുത്തവയല്ല. അതൊക്കെ ജന്മസിദ്ധമാണ്.

എന്നെയെന്തെങ്കിലും ആക്കിമാറ്റാൻ ശ്രമിച്ചവരെ എതിർത്ത്, എന്നെ ഞാനാക്കി നിർത്താൻ ശ്രമിച്ചുവെന്നല്ലാതെ മറ്റൊന്നും ഞാൻ ചെയ്തിട്ടില്ല. എന്റേതായി ഞാനൊന്നുംതന്നെ നിർമ്മിച്ചെടുത്തിട്ടില്ല, എന്നെ ഇങ്ങനെയാക്കാൻ ഞാനായിട്ട് ഒരു ശ്രമവും ബോധപൂർവ്വം നടത്തിയിട്ടില്ല. അതുകൊണ്ട് ഞാൻ ഇങ്ങനെയായതിന് എന്നെ വിധിക്കാൻ, ശിക്ഷിക്കാൻ ആർക്കാണ് അവകാശം?

മറ്റുള്ളവരുടെ എല്ലാം തന്നെ എന്റെതിൽ നിന്ന് വ്യത്യസ്തമായിപ്പോയതിന് എനിക്കെന്തുത്തരവാദിത്വമാണുള്ളത്?
അതിനെന്തിനാണ് ഞാൻ എന്നെ ശിക്ഷിക്കുന്നത്?

നിന്നെ വെറുതെ വിട്ടിരിക്കുന്നു

Comments

Post a Comment

Popular posts from this blog

സ്വപ്നങ്ങൾ എല്ലാം സുന്ദരമാണ് പക്ഷെ യാഥാർഥ്യമങ്ങിനെയല്ല

പൂർണ്ണത - Perfection

രാജപ്പനെന്ന ഉഭയജീവി.