OIOP ക്കാർ ആരാണെന്ന് നിങ്ങൾക്കറിയാമോ? Who really are the OIOP people?
അവർ 'ബൗദ്ധിക അടിമത്വ' തന്ത്രക്കാരാണ്.
(പിന്നിലുള്ള കോവർ കഴുതകളല്ല, അവർ ഇരകൾ മാത്രമാണ്)
നിങ്ങളുടെ ചുറ്റുവട്ടത്തുള്ള OIOP ക്കാരെ നിങ്ങളൊന്ന് ശ്രദ്ധിക്കണം, വളരെ പ്രാധാന്യവും അത്യാവശ്യവുമായ ഒരു പ്രവർത്തിയായതുകൊണ്ടാണ് ഞാൻ അങ്ങിനെയൊരഭ്യർത്ഥന വയ്ക്കുന്നത്.
എനിക്ക് നേരിട്ടറിയാവുന്ന ഇവരിൽ മിക്കവരും അമിത സ്വമ്പാദ്യമുള്ളവരും, അത്യന്തം ആർഭാടജീവിതം നയിക്കുന്നവരുമാണ്. അവരിൽ ഭൂരിപക്ഷത്തിന്റെയും മക്കൾ നാട്ടിലും, വിദേശത്തുമായി സ്വാശ്രയവിദ്യാഭ്യാസത്തിനു ശേഷം വിദേശങ്ങളിൽ സ്ഥിരമായോ, താൽക്കാലികമായോ ജീവിക്കുന്നവരാണ്. നാട്ടിലെ അവരുടെ ജീവിത നിലവാരം, സമ്പത്തുകൾ എന്നിവയെക്കുറിച്ചറിയാവുന്ന ആരുംതന്നെ അവരെ 60 കഴിഞ്ഞാൽ സർക്കാരിന്റെ പതിനായിരം കൂടാതെ ജീവിക്കാനാവാത്തവരെന്ന് പറയില്ല.
പിന്നെന്തിനാണ് അവർ OIOP എന്ന "സുവർണ്ണ ഇരയെ" കൊരുത്തിട്ട ചൂണ്ടയുമായി വിവരമില്ലാത്ത, മനുഷ്യരുടെ ഇടയിലേക്കിറങ്ങിയിരിക്കുന്നത്?
എന്തായിരിക്കും അതിന്റെ സ്വാമൂഹ്യ പ്രത്യാഘാതങ്ങൾ?
ഒന്നാമത്തെ ലക്ഷ്യം കേരളത്തിന്റെ ഭരണം പിടിച്ചെടുക്കുകയെന്നതാണ്. തങ്ങൾ AAP പോലെയോ അല്ലെങ്കിൽ കിഴക്കമ്പലത്തുള്ള 2020 പോലെയോ ഒക്കെയുള്ള, നാടിന്റെയും, പാവപ്പെട്ടവരുടെയും നന്മ ഉറപ്പാക്കുന്ന, സമത്വസുന്ദര കേരളം സൃഷ്ട്ടിക്കാൻ കച്ചകെട്ടിയവരാണെന്ന് പ്രഘോഷിച്ചുകൊണ്ട്, പണ്ട് കഴുതകളായിരുന്നെങ്കിൽ ഇന്ന് പത്തെഴുപതു കൊല്ലാത്തെ ഭരണം കൊണ്ട് കോവർ കഴുതകളാക്കിത്തീർത്തവരുടെ വോട്ടുകൾ കരസ്ഥമാക്കുക.
ഒരിക്കൽ ഭരണം കയ്യാളിയാൽ ഇവർ എന്തായിരിക്കാം ചെയ്യാൻ പോവുകയെന്നത്, അവരിപ്പോൾ സമൂഹത്തിന്, അവർ ജീവിക്കുന്ന ചുറ്റുവട്ടത്തെ പാവങ്ങൾക്ക് എന്താണ് ചെയ്യുന്നതെന്ന് നോക്കിയാൽ മാത്രം മതിയാകും. ഇപ്പോൾ അവരെത്ര ദയാലുക്കളും, ധന/സ്ഥാന ആർത്തിയില്ലാത്തവരുമെന്ന് വിലയിരുത്തിയാൽ മതിയാകും.
ഇനി എങ്ങിനെയെങ്കിലും അവർക്ക് സമൂഹത്തിൽ അംഗീകാരവും, സ്വീകാര്യതയും അതിന്റെ കൂടെ ഭരണം കയ്യാളാനും സാധിച്ചുവെന്നിരിക്കട്ടെ, അതോടെ കേരളത്തിലെ സാമൂഹ്യസമാധാനം പരിപൂർണ്ണ തകർച്ചയിലേക്കെത്തുമെന്നതിനൊരു സംശയവും വേണ്ട. കാരണം, ഇവരുടെ പ്രത്യയശാസ്ത്രം അസൂയയിൽ ഊന്നിയതാണ്, ഏതാനും അസൂയക്കാർ ചേർന്ന്, സമാന അസൂയക്കാരെ കണ്ടുപിടിച്ചു കൂടെക്കൂട്ടി, പൊതുവെ കടുത്ത അസൂയക്കാരായ മലയാളികൾക്ക് 'ഒരസൂയ മൂർച്ഛയുടെ' അനുഭവമുണ്ടാക്കിക്കൊടുത്തുകൊണ്ട് നാടിനെ കീഴടക്കാനായാൽ അതത്യന്തം ഭീകരമായ സാമൂഹ്യപ്രശ്നങ്ങൾ ഉണ്ടാക്കും.
ഇപ്പോൾത്തന്നെ മലയാളികൾ പരസ്പ്പരം യോജിക്കാനോ, സഹകരിക്കാനോ ആവാത്തവിധത്തിൽ മത/ജാതി/രാഷ്ട്രീയപരമായി ഇന്ത്യയിലെ മറ്റെവിടത്തെക്കാളും വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇന്ന് മിക്ക മലയാളികളും ആരെയെങ്കിലും വെറുക്കാനുള്ള കാരണങ്ങളെ കണ്ടെത്താനുള്ള ഗവേഷണങ്ങളിലാണ് കൂടുതൽ വ്യാപൃതരായിരിക്കുന്നത്. അതിന്റെ കൂടെ പുതിയൊരു കാരണം -ഏവർക്കും അവരവരുടെ 'വെറുപ്പിക്കൽ കൂട്ടങ്ങളിൽ' ഇരുന്നുകൊണ്ടുതന്നെ വെറുക്കാനും, മാനസികമായും, ശാരീരികമായും അക്രമിക്കാനുമുള്ള പുതിയൊരു ഇരകളെ ഇട്ടുകൊടുക്കുകയാണ് OIOP ക്കാർ. ആ പുതിയ ഇരകളായി കണ്ടെത്തിയവരാണ് സർക്കാർ ജീവനക്കാരും, പെൻഷൻകാരും.
സർക്കാർ ജീവനക്കാരുടെ പൊതുജനത്തോടുള്ള ബഹുമാനക്കുറവ്, പുച്ഛം, കൈക്കൂലി, തുടങ്ങിയവകാരണം പൊതുജനങ്ങളാൽ വെറുക്കപ്പെട്ടിരിക്കുന്ന ജീവനക്കാരെ ഒരു കൂട്ടമായി ചേർന്ന് 'കല്ലെറിയാനുള്ള' അവസരം സൃഷ്ട്ടിച്ചു കൊടുത്തുകൊണ്ട് OIOP ക്കാർ ഈ പൊതുജനവികാരത്തെ ശരിക്കും ആളിക്കത്തിച്ചു മുതലെടുക്കുകയാണ്. ഏതെങ്കിലും സർക്കാർ ഓഫിസുകളിൽ എന്തെങ്കിലും കാര്യസാദ്ധ്യത്തിന് പോയിട്ടുള്ള ആരുംതന്നെ സർക്കാർ ജീവനക്കാരോട് അനുഭവം പ്രകടിപ്പിക്കാത്ത അവസ്ഥയുണ്ടാക്കിയ സർക്കാർ ജീവനക്കാർ തന്നെയാണ് ഇതിനുത്തരവാദികളെന്ന് സ്വയം തിരിച്ചറിഞ്ഞുകൊണ്ട്, പൊതുജനത്തോടുള്ള പെരുമാറ്റച്ചട്ടം പുതുക്കിയില്ലെകിൽ ഉറപ്പായും നിങ്ങൾക്ക് ഇന്നല്ലെങ്കിൽ നാളെ OIOP യാൽ ഒന്നിച്ചുകൂട്ടപ്പെട്ട 'പൊതുജനത്തിന്റെ' കല്ലെറിയൽ അനുഭവിക്കേണ്ടി വരുമെന്നതിനൊരു സംശയവും വേണ്ട.
അടുത്തതായി പൊതുജനം ഏറ്റവും കൂടുതൽ അസൂയപ്പെടുന്നത് 'അനർഹമായ' പെൻഷൻ വാങ്ങിത്തിന്നുന്നവരെന്ന് ധരിക്കപ്പെടുന്നവരോടാണ്. എന്താണ് പെൻഷൻ, എന്താണതിനുള്ള അർഹത, എന്ന പൊതുജനത്തിന്റെ അറിവില്ലായ്മയാണ് സർവീസ് പെൻഷൻ അനർഹവും, അമിതവുമാണെന്ന ധാരണ അവർക്കുണ്ടാകാനുള്ള കാരണം. ആ തെറ്റിധാരണയെ ഒരായുധമാക്കിയെടുത്തുകൊണ്ടാണ് അവർ പൊതുജനമെന്ന കോവർകഴുതകളെക്കൊണ്ട് OIOP രഥം വലിപ്പിക്കുന്നത്.
എന്തായിരിക്കാം ഇതിന്റെയൊക്കെ പരിണിത ഫലം? തങ്ങൾക്കവകാശപ്പെട്ട, തങ്ങളുടെ രക്തവും, വിയർപ്പും കൊണ്ടുണ്ടാക്കിയ സർക്കാരിന്റെ പണം തട്ടിയെടുത്തുകൊണ്ടുപോകുന്ന ഒരുപറ്റം ഭീകരകൊള്ളക്കാരായി ജനം മേൽപ്പറഞ്ഞ രണ്ടു കൂട്ടരെയും കാണാൻ തുടങ്ങും(ഇപ്പോൾത്തന്നെ പ്രകടമല്ലാതെ അതുണ്ട്). നാളെ അതൊരു സമൂഹ വികാരമായി മാറിയാൽ; ഇവിടെ ഇന്നുവരെയില്ലാതിരുന്ന ഒരു പൊതുശത്രു ഉണ്ടാവും. അതിന്റെ കൂടെ നാം മലയാളികൾക്കുള്ള, സഹജമായ വികാരമായ, താൻ ബിരിയാണിതിന്നുന്നവനെങ്കിലും, 'കഞ്ഞികുടിച്ചുകിടക്കുന്നവനെ' സഹിക്കാനനുവദിക്കാത്ത അസൂയയും ഊതിക്കത്തിക്കപ്പെട്ടാൽ. ഇവിടെയെന്തായിരിക്കാം സംഭവിക്കുകയെന്ന് പ്രവചിക്കാമെങ്കിലും ഞാൻ അതിനു തുനിയുന്നില്ല.
ഇപ്പോൾത്തന്നെ ഇതാരംഭിച്ചുകഴിഞ്ഞിരിക്കുന്നു, കുടുംബസദസ്സുകളടക്കം, പലസദസ്സുകളിലും, അയൽവക്ക കൂട്ടായ്മകളിലും, ഞാനും ഭാര്യ
യും; അനർഹമായ കനത്ത പെൻഷൻ വാങ്ങുന്നവർ എന്നതുകൊണ്ട് മാത്രം മ്ലേച്ഛരായ 'കൊള്ളക്കാരെപ്പോലെ' കൈകാര്യം ചെയ്യപ്പെടുന്നുണ്ട്. അതിനാൽ ഇപ്പോൾ ഞങ്ങൾ യാതൊരുവിധ മേൽപ്പറഞ്ഞ തരത്തിലുള്ള കൂട്ടങ്ങളിലും പങ്കെടുക്കാറില്ല. ഒന്നും പറഞ്ഞില്ലെങ്കിൽപ്പോലും, വഴിനടക്കുമ്പോൾ എതിരെ വരുന്നവരുടെ പെട്ടെന്നുണ്ടായ 'ശരീരഭാഷയുടെ' വ്യത്യാസം വളരെ സങ്കടത്തോടെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പുറമെ പ്രകടിപ്പിക്കുന്നില്ലെങ്കിലും പൊതുജനത്തിന് ഞങ്ങളോടുള്ള വെറുപ്പ് മനസ്സിലാക്കിയതിനു ശേഷം, മനസ്സിൽ ഒരു സ്ഥിരവിഷാദ ഭാവം കുടിയേറിയിരിക്കുകയാണ്.കേരളത്തെപ്പോലെ പ്രബുദ്ധമനുഷ്യരുള്ള നാടിന് ചേർന്നതാണോ ഇത്തരം വെറുപ്പിന്റെയും, അസൂയയുടെയും പ്രത്യയശാസ്ത്രമെന്ന് ആർക്കാണ് ചോദിക്കാനുള്ള അവകാശമുള്ളത്?
പൊതുജനത്തെ നിന്ദ്യമായ രീതിയിൽ ചൂഷണം ചെയ്യുന്ന എന്നെപ്പോലുള്ള പെൻഷൻകാർക്ക് ഏതായാലുമില്ല.
OIOP കേരളത്തിൽ വൻ വിജയമാകും, ഒരുപക്ഷെ ഭരണം പിടിച്ചെടുക്കത്തക്ക ശക്തിയിൽത്തന്നെ, അല്ലെങ്കിലും അവർ അസൂയയെയും, അജ്ഞതയെയും, വെറുപ്പിന്റെയും വികാരങ്ങളെ ആയുധങ്ങളാക്കി ഈ നാടിനെ വിഭജിക്കും, പുതിയ സവർണരും, ശൂദ്രരും ഉണ്ടാകും.
അവരുടെ സംഭാവന കൂപ്പൺ പ്രകാരം 500 രൂപ വച്ച് പിരിച്ചെടുക്കാൻ അസൂയക്കാരായ കോവർകഴുതകളെ കബളിപ്പിക്കാൻ അവർക്കൊരു ബുദ്ധിമുട്ടുമുണ്ടാവില്ല, കാരണം ജീവിതകാലം മുഴുവൻ 10000 രൂപ കിട്ടാനായി വെറും 500 രൂപ ഒരുപ്രാവശ്യം കളയാൻ, മാസാമാസം ലോട്ടറിയെടുത്തു സ്വപ്നം കാണുന്ന മലയാളി തീർച്ചയായും മടിക്കില്ല. അങ്ങിനെ വന്നാൽ OIOP ക്കാരുടെ പ്രവർത്തന മൂലധനമായി ഒരു മുപ്പതുലക്ഷം പേരുടെ സംഭാവന ചേർത്താൽ 150 കോടി രൂപയുണ്ടാവും. കേരളത്തിൽ തിരഞ്ഞെടുപ്പിനും, സാമൂഹ്യവിഭജനം സൃഷ്ടിക്കാനും അതുതന്നെ അധികമാണ്.
നാളത്തെ കേരളം OIOP ക്കാരുടെ പിന്നിൽ അണിനിരക്കുന്ന കോവർകഴുതകളുടേതായിരിക്കും.

Comments
Post a Comment