കാപ്പിയും ഞാനുമായുള്ള പ്രേമം - My love with coffee

ഞാൻ കാപ്പി കുടിച്ചു തുടങ്ങിയിട്ട് ഏതാനും ആഴ്ചകളേ ആയിട്ടുള്ളൂ, കുടിച്ചുതുടങ്ങിയപ്പോൾ മുതൽ ഞങ്ങൾ തമ്മിൽ അഗാധപ്രേമത്തിലാണ്. എന്നാൽ എന്റെ പഴയ കാമുകിയായ ചായയെ ഒരിക്കലും തള്ളിക്കളഞ്ഞിട്ടുമില്ല, ഇന്നും നല്ലൊരു ചായ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട പാനീയം തന്നെയാണ്.

കാപ്പിയും ഞാനും തമ്മിൽ ഇപ്പോഴുണ്ടായ പ്രേമം, മദ്ധ്യവയസ്സുകാരന് തന്റെ പുതിയ; ചെറുപ്പക്കാരിയായ കാമുകിയോടുള്ളതുപോലെയാണ്, കടുത്ത ആവേശവും, ഉണർവ്വുമാണ്. പക്ഷെ അതുകൊണ്ട് തന്റെകൂടടെയുള്ള, ഭാര്യയോട് സ്നേഹക്കുറവോ, കരുതൽ കുറവോ ഒന്നുമുണ്ടാകണമെന്നില്ല, രണ്ടും രണ്ടു ഡൈമെൻഷനുകളിൽ ഉള്ള വികാരമാണ്.

എന്നെപ്പോലുള്ള രക്തസമ്മർദ്ദക്കാർക്ക് കാപ്പി അത്ര പഥ്യമല്ലാത്തതിന്റെ കാരണം അതിൽ ചായയേക്കാൾ കൂടുതലായുള്ള കഫീൻ ആണ്, കക്ഷി അത്ര നല്ലവനല്ല. പക്ഷേ കാപ്പിക്ക് മറ്റുപല നല്ലഗുണങ്ങളുണ്ടെന്ന അടുത്തകാലത്തെ കണ്ടുപിടിത്തം കാപ്പിയെ കൂടെനിർത്താനുള്ള കാരണമാണ്.

1)കാപ്പി Type2 പ്രമേഹസാദ്ധ്യത(പ്രായമുള്ളവരിൽ വരുന്ന തരം) കുറയ്ക്കുമെന്ന് പുതുതായി കണ്ടെത്തിയിട്ടുണ്ട്

2) ന്യൂറോഡീജറേറ്റീവ് അസുഖങ്ങളായ അൽഷിമേഴ്‌സ്, ഓർമ്മക്കുറവ് ഒക്കെ വരാതിരിക്കാൻ കാപ്പി വളരെയധികം സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്(എന്നിട്ടെന്താണാവോ കാപ്പികുടിയന്മാർ മാത്രമുള്ള അമേരിക്കയിൽ ഇതെല്ലാം നന്നായിട്ടുള്ളത്?)

3)ലിവർസിറോസ്സിസ്, ഫാറ്റിലിവർ തുടങ്ങിയ കരൾ രോഗങ്ങൾ വരാതിരിക്കാൻ കാപ്പി വളരെ നല്ലതാണ്(ദിവസവും 3 -4 കപ്പു കുടിക്കുന്നവർക്ക്)

4)വിഷാദരോഗത്തിനും, വിഷാദത്തിനും കാപ്പി നല്ലൊരു പ്രതിവിധിയാണത്രേ. അത് പഠനങ്ങൾവഴി തെളിഞ്ഞിട്ടുണ്ട് പോലും

5)കാപ്പി നമ്മുടെ BP 3–4 mm/Hg വരെ കൂട്ടുമെങ്കിലും, ധാരണയ്ക്ക് വിരുദ്ധമായി അത് നമ്മുടെ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണു പോലും!!, അതേപോലെതന്നെ സ്ട്രോക്ക്, കാൻസർ പ്രധിരോധ ശക്തിയും കാപ്പിക്കുണ്ടെന്ന് പറയുന്നു.

കാപ്പിയിലെ രണ്ടു രാസസംയുക്തങ്ങളായ കഫെസ്റ്റോൾ, കാ‌വെയോൾ (Cafestol and kahweol) ഒരേ സമയം അനുഗ്രഹവും ശാപവുമാണ്. കാരണം അവരണ്ടും ചീത്ത കൊളോസ്റ്ററോൾ (LDL) കൂട്ടുമെന്ന് കണ്ടെത്തിയിട്ടുണ്ട്, പക്ഷെ അവ നമ്മുടെ DNA കളിൽ സംഭവിക്കുന്ന മാറ്റങ്ങളിൽനിന്ന് അവയെ സംരക്ഷിച്ച് DNA കലെ ശക്തീകരിച്ചുകൊണ്ട് കാൻസറിനെ ചെറുക്കുമെന്നും മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് നിങ്ങൾ ഇവയിൽ ഏതിനെയാണ് കൂടുതൽ ഭയപ്പെടുന്നതെന്നതിനനുസരിച്ച് കാപ്പികുടിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക.

നിങ്ങളെല്ലാവരും ആന്റി-ഓക്സിഡന്റുകളെക്കുറിച്ചു കേട്ടിട്ടുണ്ടാവുമല്ലോ? ശരീര കോശങ്ങളുടെ അപചയനവേഗം കുറച്ചുകൊണ്ട് വയസ്സാകൽ പ്രക്രിയയുടെ വേഗം കുറയ്ക്കാനും, കാൻസർ പ്രതിരോധത്തിനും വളരെ അത്യാവശ്യമായ ഒരു കൂട്ടം രാസസംയുക്തങ്ങളാണവ, സാധാരണ നമുക്കറിയാവുന്നവ വിവിധ തരത്തിലുള്ള കരോട്ടിനോയിഡുകൾ ആണ്(കടുത്ത നിറമുള്ള പച്ചക്കറികൾ, പഴങ്ങൾ എന്നിവയിലുള്ളത്)
എന്നാൽ കാപ്പിയിൽ Chlorogenic acid എന്നൊരു ശക്തമായ ആന്റി-ഓക്സിഡന്റു കൂടിയുണ്ട് - അതാണ് സത്യത്തിൽ കാപ്പിയിലെ മെഗാസ്റ്റാർ. നമ്മുടെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കാൻ അത് വളരെ നല്ലതാണ്. എന്താ പോരെ കാപ്പികുടിക്കാനുള്ള ന്യായങ്ങൾ?

ഇനി, കാപ്പിയിലെ ദോഷകാരിയായ കഫീൻ കുറച്ചുകൊണ്ട് കാപ്പികുടിക്കാനുള്ള മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്നാമത്തേതും, ഏറ്റവും ചിലവുകുറഞ്ഞതുമായ മാർഗ്ഗം അറബിക്കകാപ്പി(Coffea arabica) മാത്രം ഉപയോഗിക്കുക - കാരണം അതിൽ കഫീൻ കുറവാണ്. അതിനാൽത്തന്നെ അതൽപ്പം കടുപ്പം കുറഞ്ഞതും, തീഷ്ണ രുചിയില്ലാത്ത (Mild) കാപ്പിയുമാണ്. എന്നാൽ റോബസ്റ്റ എന്നയിനം കാപ്പി (Coffea canephora) കഫീൻ കൂടിയതും, തീഷ്ണ രുചിയും കടുപ്പവും കൂടുതലുള്ളതാണ്, അതൊഴിവാക്കുക.

ഇതത്ര എളുപ്പമുള്ള കാര്യമല്ല, കാരണം ലോകത്തും, നമ്മുടെനാട്ടിലും ഏറ്റവും കൂടുതൽ കൃഷിചെയ്യുന്നതും, കൂടുതൽപേർ ഇഷ്ടപ്പെടുന്നതും റോബസ്റ്റാക്കാപ്പിയാണ്. അതല്ലെങ്കിൽ അൽപ്പം വിലക്കൂടുതൽ കൊടുത്ത്‌ കഫീൻ മാറ്റിയ(Decaffeinated - Decaf) കാപ്പി വാങ്ങിക്കുടിക്കുക.

പക്ഷേ വ്യത്യസ്ത 'വറവുകളിൽ' (roasting levels) ഉള്ള അറബിക്ക കാപ്പിക്കുരു ആമസോണിലൊക്കെ കിട്ടും, അത് വാങ്ങി പൊടിച്ചുപയോഗിക്കാം(വിലയൽപ്പം കൂടുതലാണേ!) ഒരു വായുനിബദ്ധമായ ഭരണിയിൽ സൂക്ഷിച്ചു വച്ചിട്ട് ആവശ്യത്തിനെടുത്തു പൊടിച്ചുപയോഗിച്ചാൽ മതി.

ഇതാണ് ഞാൻ അറബിക്ക കാപ്പിയുടെ കാമുകനായതിന്റെ കഥയും, കാരണങ്ങളും.

Comments

Popular posts from this blog

സ്വപ്നങ്ങൾ എല്ലാം സുന്ദരമാണ് പക്ഷെ യാഥാർഥ്യമങ്ങിനെയല്ല

പൂർണ്ണത - Perfection

രാജപ്പനെന്ന ഉഭയജീവി.