ഒരദ്ധ്യാപികയുടെ ഓർമ്മക്കുറിപ്പ് - Memories of a professor
Teaching kids to count is fine, but teaching them what counts is best.
– Bob Talbert
"ഈ പോസ്റ്റ് ഞാൻ എഴുതുന്നു എന്ന് മാത്രം, ഇതിലെ ഓരോ വാക്കുകളും എന്റെ ഭാര്യയും, കോട്ടയം ജില്ലയിലെ ഉഴവൂർ സെന്റ്.സ്റ്റീഫൻസ് കോളേജിലെ കെമിസ്ട്രി അദ്ധ്യാപികയുമായിരുന്ന പ്രൊഫ. വിനോദമ്മ അബ്രഹാമിന്റേതാണ്."
ഇന്നലെ രാത്രി ഞങ്ങൾ കാര്യമായി ഉറങ്ങിയില്ല. കോപ്പിയടിയുമായി ബന്ധപ്പെട്ട് ഒരു പെൺകുട്ടിയുടെ ആത്മഹത്യ അത്രയ്ക്കും ഞങ്ങളെ സങ്കടപ്പെടുത്തിയിരുന്നു. രാത്രിയുടെ അന്ത്യയാമത്തിൽ ഭാര്യ കണ്ണുനീരോടെ ഓർത്തെടുത്ത ഈ അനുഭവം അവളുടെ അനുവാദത്തോടെ നിങ്ങളുമായി പങ്കു വയ്ക്കട്ടെ.
സംഭവം നടക്കുന്നത് ഏകദേശം മുപ്പതു വർഷങ്ങൾക്ക് മുന്നെയാണ്, അന്ന് ഞങ്ങൾ പിറവത്താണ് താമസം. വീടുപണിയുടെ സാമ്പത്തിക ഞെരുക്കം മൂലം ഞങ്ങളുടെ പ്രിയപ്പെട്ട YEZDI ബൈക്ക് വിൽക്കേണ്ടി വന്നതിനാൽ ബസ്സിലാണ് കോളേജിലേക്കുള്ള യാത്ര. അന്ന് പിറവം - പാല റൂട്ടിലോടിയിരുന്ന 'ശ്രീരാമ' ബസ്സിലാണ് ഭാര്യ രാവിലെ പോയിരുന്നത്. എല്ലാദിവസവും ബസ്റ്റാൻഡിൽ നിന്ന് കയറി, സ്ത്രീകളുടെ സീറ്റിലിരുന്നു യാത്ര ചെയ്യുന്ന കോളേജിലെ മൂന്നാൺകുട്ടികളോട് ഒരിക്കൽ ഭാര്യ എഴുന്നേൽക്കാൻ ആവശ്യപ്പെട്ടു, മടികാണിച്ചെങ്കിലും എഴുന്നേറ്റുമാറി ഭാര്യയിരുന്നതിനടുത്തുതന്നെ ആ സീറ്റിൽ ചാരിനിന്ന അതിലൊരാൾ എന്റെ ഭാര്യയെ അനാവശ്യമായി കടന്നു പിടിച്ചു(sexual molesting). ഭാര്യ ചാടിയെഴുന്നേറ്റ് അവന്റെ കരണക്കുറ്റിക്ക് രണ്ടടിവച്ചുകൊടുത്തിട്ട്, കാലിലെ ചെരുപ്പൂരാൻ തുടങ്ങിയപ്പോൾ, അവൻ അവളുടെ കയ്യിൽക്കയറിപ്പിടിച്ചിട്ട്, ഇനി ടീച്ചറെന്നെ തല്ലരുതെന്നു ഭീഷണിപ്പെടുത്തി. അവൾ ചോദിച്ചു,
അപ്പോൾ ഞാൻ ടീച്ചറാണെന്ന് നിനക്കറിയാമല്ലേ?
അപ്പോഴേക്കും ആകെ ബഹളമായി, ഭാര്യയുടെ പക്ഷത്തുനിൽക്കാൻ കാര്യമായി ആരുമുണ്ടായിരുന്നില്ല, എല്ലാവരുടെയും പ്രശ്‍നം തങ്ങളുടെ യാത്ര മുടങ്ങുന്നതിനെക്കുറിച്ചും, പാവപ്പെട്ട വിദ്യാർത്ഥികളും, കൂലിപ്പണിക്കാരും യാത്ര ചെയ്യുന്ന ബസ്സിൽ എന്തിനാണ് ഒരു കോളേജദ്ധ്യാപിക യാത്ര ചെയ്യുന്നത്? കാറുവാങ്ങി, അതിൽ പോയിക്കൂടേയെന്നൊക്കെയായിരുന്നു. ഏതായാലും ബസ്സ് നിർത്തി, കണ്ടക്ടർ ഭാര്യയോട് ചോദിച്ചു,
ടീച്ചറെ, ബസ്സ് പോലീസ് സ്റ്റേഷനിലേക്ക് വിടണോ?
ഭാര്യ അയാളോട് ചോദിച്ചു, സ്ത്രീകൾക്ക് മാത്രമായുള്ള സീറ്റിൽ; ആണുങ്ങളെ ഇരിക്കാൻ അനുവദിച്ചുകൊണ്ട്, പ്രായമായ സ്ത്രീകളെ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കുന്ന നിങ്ങളല്ലേ തെറ്റ് ചെയ്തത്?
കണ്ടക്ടർ അവളോട് വളരെ ശബ്ദം താഴ്ത്തിക്കൊണ്ട് പറഞ്ഞു,
"ടീച്ചറേ അവൻ ടീച്ചറിന്റെ കോളേജിലെ തന്നെ 'വിഷ്ണു' എന്ന വിദ്യാർത്ഥിയാണ്, അവൻ ഒരു പ്രമുഖവിദ്യാർത്ഥി സംഘടനയുടെ നേതാവാണ്, ഞാനൊന്നും പറഞ്ഞാൽ അവൻ കേൾക്കില്ല, ടീച്ചർ എന്റെ ഗതികേട് മനസ്സിലാക്കണം'
അപ്പോഴവൾ പറഞ്ഞു, ഞാൻ അവന് കൊടുക്കാനുള്ള ശിക്ഷ കൊടുത്തിട്ടുണ്ട്, ബാക്കിയുള്ളത് അവന്റെ ദൈവം കൊടുത്തുകൊള്ളും.
അങ്ങിനെ ബസ്സ് വീണ്ടും വിട്ടു.
ഭാര്യ ബസ്സിറങ്ങി കോളേജിലെ അവളുടെ ഡിപ്പാർട്ട്മെന്റിലെ കസേരയിൽ ഇരിക്കുന്നതിന് മുന്നേ തന്നെ ഓഫിസിലെ പ്യൂൺ വന്ന് അവളോട് എത്രയും വേഗം പ്രിൻസിപ്പലിനെ വന്നുകാണണമെന്ന് ആവശ്യപ്പെട്ടു.
അന്നത്തെ പ്രിസിപ്പൽ പ്രസിദ്ധനും, പ്രഗത്ഭനും, വിദ്യാർത്ഥികളുടെ ഭീകരസ്വപ്നവുമായിരുന്ന, കോളേജിനെ അടക്കിഭരിച്ചിരുന്ന, Fr.Prof.Luke Puthiyakunnel ആയിരുന്നു. അദ്ദേഹം എങ്ങിനെയോ ഭാര്യ കോളേജിലെത്തുന്നതിനുമുന്നെ സംഭത്തെക്കുറിച്ചറിഞ്ഞിരുന്നു. അച്ഛൻ ഭാര്യയോട് പറഞ്ഞു,
'ടീച്ചർ ഇരിക്ക്, എന്നിട്ട് ഒരു പേപ്പർ അവളുടെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു, സംഭവത്തെക്കുറിച്ചു ഞാൻ അറിഞ്ഞു. ടീച്ചർ ഒരു പരാതി ഇതിൽ എഴുതിത്തരണം, അവനെ ഇന്നുതന്നെ കോളേജിൽ നിന്ന് ഡിസ്മിസ് ചെയ്യുകയാണ്, ഞാൻ പ്രിൻസിപ്പലിന്റെ കസേരയിൽ ഇരിക്കുന്നിടത്തോളം കാലം ഇവിടത്തെ ഒരദ്ധ്യാപികയെയും ഇവിടുള്ള ആരും മാനസികമായോ, ശാരീരികമായോ ഉപദ്രവിക്കാൻ അനുവദിക്കില്ല. ഒരു ഗുരുവിനെ കയറിപ്പിടിച്ച അവൻ ഈ കോളേജിൽ പഠിക്കാൻ യോഗ്യനല്ല. അവനെ ഡിസ്മിസ് ചെയ്യാൻ എനിക്കൊരു എൻക്വയറിയുടെയും ആവശ്യമില്ല'
ഭാര്യ പറഞ്ഞു, വേണ്ട അച്ചാ അവനു കൊടുക്കാനുള്ളത് ഞാൻ കൊടുത്തിട്ടുണ്ട്, ബാക്കിയുള്ളത് ദൈവം കൊടുത്തോളും.
അച്ചൻ ഒരു നിമിഷം അത്ഭുതത്തോടെ അവളെ നോക്കിയിരുന്നു, അതിനുശേഷം പറഞ്ഞു, അവനോടു ക്ഷമിക്കാനുള്ള അവകാശം ടീച്ചർക്കുണ്ട്, ഞാനതിനെ ബഹുമാനിക്കുന്നു. ടീച്ചർ പൊയ്ക്കൊള്ളു, ഇനിയെന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയാം.
അപ്പോൾത്തന്നെ BA അവസാനവർഷ വിദ്യാർത്ഥിയായിരുന്ന അവനെ അച്ചൻ വിളിപ്പിച്ചു, എന്നിട്ട് പറഞ്ഞു,
"ആ ടീച്ചറിന്റെ നല്ല മനസ്സുകൊണ്ടാണ് രണ്ടുമാസം കൂടിമാത്രം അവശേഷിച്ച നിന്റെ വിദ്യാഭ്യാസ ഭാവി അവർകാരണം നശിപ്പിക്കരുതെന്ന് എന്നോട് ആവശ്യപ്പെട്ടത്, പക്ഷേ, ഈ സ്ഥാപനത്തിന്റെ മേലധികാരിയെന്ന നിലയ്ക്ക്, ഒരു ഗുരുവിനെ വളരെ നിന്ദ്യമായ രീതിയിൽ പൊതുസ്ഥലത്തുവച്ചു അപമാനിച്ച നിന്നെ ശിക്ഷിക്കാതിരിക്കാനാവില്ല, ടീച്ചർ പരാതിയെഴുതിത്തരാത്തതുകൊണ്ട് നിന്നെ ആധികാരികമായി ഡിസ്മിസ് ചെയ്യാനാവില്ല. പക്ഷെ, ഒരു പ്രിൻസിപ്പൽ എന്ന അധികാരംവച്ചു ഞാൻ ആജ്ഞാപിക്കുകയാണ്, നീ ഈ നിമിഷം കോളേജിന്റെ കാമ്പസ് വിട്ടുപോയിക്കൊള്ളണം, പരീക്ഷയെഴുതാനല്ലാതെ ഇനിയീ പടിചവിട്ടിപ്പോകരുത്"
അച്ചനെ നന്നായറിയാവുന്ന അവൻ പിന്നീട് കോളേജിലേക്ക് വന്നില്ല.
ഈ കഥയിവിടെ അവസാനിക്കുമായിരുന്നു, പക്ഷെ അതിലൊരു ട്വിസ്റ്റ് ഉണ്ടായത് പരീക്ഷയ്ക്ക് മുന്നേ മാർച്ചുമാസം പുതിയകുന്നേലച്ചൻ വിരമിച്ചശേഷം പ്രഫ. K M മാത്യു പ്രിൻസിപ്പലായി ചാർജെടുത്തപ്പോഴാണ് ചാർജെടുത്തശേഷം അദ്ദേഹം ആദ്യം ചെയ്തത് പുതിയകുന്നേലച്ചന്റെ BLACKLISTപരിശോധിക്കുകയായിരുന്നു.
അങ്ങിനെയിരിക്കെ അവസാനവർഷ ബിരുദപരീക്ഷയുടെ ഹാൾടിക്കറ്റ് കൊടുക്കുന്ന ദിവസമെത്തി. അതുവാങ്ങാൻ വിഷ്ണുവും എത്തി, പക്ഷെ അവനോട് പ്രിൻസിപ്പലിനെ കാണാതെ ഹാൾടിക്കറ്റ് കൊടുക്കില്ലെന്ന് ഓഫിസിൽ പറഞ്ഞതിനാൽ അവൻ പ്രഫ. K M മാത്യു സാറിന്റെ മുന്നിലെത്തി.
സർ അപ്പോൾത്തന്നെ പ്യൂണിനെ വിട്ട് എന്റെ ഭാര്യയെ വിളിപ്പിച്ചു, എന്നിട്ടവനോട് പറഞ്ഞു, നിന്നെക്കൊണ്ട് ടീച്ചറിന്റെ കാൽതൊട്ടു വന്ദിപ്പിച്ചിട്ട് മാപ്പുപറയാതെ ഹാൾടിക്കറ്റ് കൊടുക്കരുതെന്ന് പുതിയകുന്നേലച്ചൻ എഴുതിവെച്ചിട്ടുണ്ട് അതുചെയ്യാതെ നിന്നെ പരീക്ഷയെഴുതാൻ അനുവദിക്കില്ല.
അവൻ ഭാര്യയുടെ കാൽതൊട്ടശേഷം 'ക്ഷമിക്കണം ടീച്ചറേ' എന്നുപറഞ്ഞപ്പോൾ എന്റെ ഭാര്യ അവന്റെ തലയിൽ തൊട്ടനുഗ്രഹിച്ചുകൊണ്ട് പറഞ്ഞു,
'ഏതൊരു സ്ത്രീയെയും ബഹുമാനിക്കുക, അവളുടെ അന്തസ്സിനെ വൃണപ്പെടുത്താതിരിക്കുക, അതാണ് ഏറ്റവും വലിയ വിദ്യാഭ്യാസം, നീയതിപ്പോൾ പഠിച്ചുകാണുമെന്നു ഞാൻ വിശ്വസിക്കുന്നു'
അവസാന ട്വിസ്റ്റ്
കഥയിലെ അവസാനട്വിസ്റ്റ് എഴുതിയില്ലെങ്കിൽ എനിക്ക് സമാധാനമാവില്ലെന്നതുകൊണ്ട് അതുംകൂടി എഴുതട്ടെ, ഈ ഭാഗം നടക്കുന്നത് എന്റെ കോളേജായ ദേവമാതായിലാണെന്നതുകൊണ്ടും കൂടിയാണത്.
ഏതാണ്ട് നാലുവർഷങ്ങൾക്കു ശേഷം ഭാര്യ എന്റെ കോളേജിൽ BSc പ്രാക്റ്റിക്കൽ എക്‌സാമിനർ ആയിവന്നപ്പോഴാണത് നടന്നത്.
രണ്ടുമൂന്നു ദിവസമായപ്പോൾ അവൾ എന്നോട് പറഞ്ഞു, ആരോ എന്നെ പിന്തുടരുന്നതുപോലെ ഒരു തോന്നൽ,
എന്തായാലും ഒരു ദിവസം പരീക്ഷയ്ക്ക് മുന്നേ അവൾ ലാബിന്റെ മുന്നിൽ നിന്നപ്പോൾ പെട്ടെന്നൊരാൾ തൂണിന്റെ പിന്നിലേക്ക് മറയുന്നതുകണ്ടു, വേഗം അങ്ങോട്ടോടിച്ചെന്ന അവൾ കണ്ടത് തലമൊട്ടയടിച്ച, ആകെത്തകർന്ന ലക്ഷണമുള്ള ഒരാളെയാണ്, മനസ്സിലാകാതെ ആരാണ് നിങ്ങളെന്നു ചോദിച്ചപ്പോൾ അവൻ പെട്ടെന്ന് താഴെയിരുന്ന് അവളുടെ കാലിൽ പിടിച്ചുകരഞ്ഞുകൊണ്ട് പറഞ്ഞു, ടീച്ചറേ ഞാൻ പഴയ വിഷ്ണുവാണ്, നാലുവർഷമായി ഞാൻ പരീക്ഷയെഴുതിക്കൊണ്ടു നടക്കുന്നു, ഇതുവരെ പാസ്സായില്ല. ഉഴവൂർ കോളേജിൽ ടീച്ചറുള്ളതുകൊണ്ടാണ് ഞാൻ ദേവമാതാ കോളേജ് സെന്ററായി എടുത്തത്. ടീച്ചർ ദയവുചെയ്ത് എന്നെ ശപിക്കരുത്, എന്നോട് പൊറുക്കണം, മാപ്പാക്കണം.
അവൾ പറഞ്ഞു, ഞാൻ നിന്നോട് അന്നുതന്നെ ക്ഷമിച്ചതല്ലേ? എത്ര മാരകമായ തെറ്റ് ചെയ്താലും ഒരിക്കലും ഒരമ്മയും, ഒരദ്ധ്യാപികയുമായ ഒരു സ്ത്രീ ഒരു വിദ്യാർത്ഥിയുടെ ഭാവി നശിക്കാനായി ശപിക്കില്ല, നീ പോയി സ്വസ്ഥമായ മനസ്സോടെ പരീക്ഷയെഴുതി ജയിക്കണം, എന്നിട്ട് അന്തസുള്ള ഒരു പുരുഷനായി ജീവിക്കണം.
അവൻ പോയി, പിന്നീടവനെന്തു സംഭവിച്ചുവെന്നറിയില്ല.
അവനെ എന്റെ ഭാര്യയോ, പ്രിൻസിപ്പലോ ശിക്ഷിച്ചില്ല, ദൈവം ശിക്ഷിച്ചോ എന്നറിയില്ല, ശിക്ഷിക്കാതിരുന്നെങ്കിൽ എന്നാശിച്ചുപോവുകയാണ്
Comments
Post a Comment