കടുത്ത മലബന്ധമുള്ളവൻ ദൈവത്തെ സൃഷ്ടിച്ചാൽ - If constipated creates his God
വിട്ടൊഴിയാത്ത മലബന്ധമുള്ളവൻ ദൈവത്തെയും, മതത്തെയുമുണ്ടാക്കിയാൽ ആ ദൈവത്തിന്റെ, പാപങ്ങളുടെ ലിസ്റ്റിൽ ഏറ്റവും കഠിനമായ പാപം സുഖമായ മലശോധന ചെയ്യുന്നതായിരിക്കുമെന്നതിന് ഒരു സംശയവും വേണ്ട.
അങ്ങിനെ, അപ്പിയിടുന്നത് ഘോര പാപമാക്കി വിശ്വാസികളുടെ മനസ്സുകളിൽ എത്ര ആഴത്തിൽ പ്രതിഷ്ഠിക്കാമോ, അത്രയും കുറ്റബോധത്തോടെയല്ലാതെ വിശ്വാസികൾക്ക് അപ്പിയിടാനാവില്ലെന്ന അവസ്ഥയുണ്ടാകും. പിന്നീടൊരിക്കലും സമാധാനത്തോടെ അപ്പിയിടാനാവാത്ത ഒരു മാനസികാവസ്ഥയിലേക്ക് അവരുടെ മനസ്സ് കണ്ടീഷൻ ചെയ്യപ്പെടും. അവിടെയാണ് ആ മതസ്ഥാപകന്റെ വിജയരഹസ്യം.
അപ്പിയിടാതിരിക്കാനാവാത്തതുകൊണ്ട് ഓരോതവണയും അപ്പിയിടുമ്പോൾ വിശ്വാസി ദൈവത്തെ ഓർക്കുകയും, പാപബോധത്താൽ പശ്ചാത്തപിക്കുകയും, പാപപരിഹാരക്രിയകൾക്ക് 'മലബന്ധദൈവത്തിന്റെ' പുരോഹിതരെ സമീപിക്കുകയും ചെയ്യും. സാവകാശം വിശ്വാസിയുടെ വിയർപ്പിന്റെ ഫലം പുരോഹിതരുടെ കീശയിലേക്ക് / മതഭണ്ഡാരപ്പെട്ടികളിലേക്ക് ഒഴുകിയെത്തുകയും ചെയ്യും.
ലോകത്ത് ഏറ്റവും ചൂഷണം ചെയ്യപ്പെടുന്ന മനുഷ്യ വികാരം കുറ്റബോധമാണ്. അതുകൊണ്ട് മനുഷ്യർക്ക് ജന്മസിദ്ധമായ, ഒഴിവാക്കി ജീവിക്കാനാവില്ലെന്നുറപ്പുള്ള സകലതിനെയും പാപമാക്കി, അതവന്റെ തലയിൽ ജനനം മുതൽ അടിച്ചുകയറ്റുക എന്നതിലാണ് ഓരോ മതങ്ങളുടെയും തീവ്രശ്രദ്ധ. അതാണവരുടെ തുറുപ്പു ചീട്ടും.
നിങ്ങളെന്തു നന്മ ചെയ്തുവെന്നത് മതത്തിനോ, പുരോഹിതർക്കോ വിഷയമല്ല, പകരം നിങ്ങളെന്തെല്ലാം പാപങ്ങൾ ചെയ്തുവെന്നതിലാണ് അവർക്ക് താല്പര്യം. നിങ്ങൾ ചെയ്ത ഒരു നന്മയെയും അവർക്ക് ഗുണകരമാക്കി മാറ്റാനാവില്ലെന്ന് നന്നായറിയുന്നവരാണ് അവർ. എന്നാൽ നിങ്ങളുടെ ഓരോ ചെറിയ 'പാപങ്ങളും' അവരുടെ കീശകളെ നിറയ്ക്കാനുതകുന്ന "സൽപ്രവർത്തികൾ" ആയിട്ടാണവർ കരുതുക.
നിങ്ങളുടെ പാപങ്ങളുടെ കുമ്പസാരം കേൾക്കാനായി എത്രസമയം വേണമെങ്കിലും ഒരു പുരോഹിതൻ ഇരുന്നുതരും, പക്ഷേ നിങ്ങൾ ചെയ്ത നന്മകൾ, സദ്‌പ്രവർത്തികൾ എന്നിവയെ കേൾക്കാനായി ഒരു നിമിഷം പോലും ഒരു പുരോഹിതനും ഇരുന്നുതരില്ലെന്നതിൽ സംശയം ഒട്ടും വേണ്ട.
എല്ലാ മതങ്ങളും നന്മ, നല്ലനടപ്പ്, ധർമ്മം, കർമ്മം എന്നിവയെക്കുറിച്ചെല്ലാം ഭാരമുള്ള ഗ്രന്ഥങ്ങൾ എഴുതി വിശ്വാസികളെക്കൊണ്ട് വായിപ്പിക്കുകയും, പാടുകയും, നല്ലവരാവുക, നന്മ ചെയ്യുക എന്നൊക്കെ പറയുകയും, മതിലിന്മേൽ എഴുതിവയ്ക്കുകയുമൊക്കെ ചെയ്യുമെങ്കിലും ഉള്ളിന്റെയുള്ളിൽ പറയാതെ പറയുന്നത് നിങ്ങൾ പോയി കഴിയുന്നത്ര പാപങ്ങൾ ചെയ്യുകയെന്ന് തന്നെയാണ്. കാരണം മനുഷ്യരെല്ലാവരും നല്ലവരായാൽ, പാപങ്ങൾ ചെയ്യാതെയായാൽ പിന്നെന്താണാവരുടെ പ്രസക്തി?
അരോഗ ദൃഡഗാത്രരായ, ഒരിക്കലും രോഗം വരാത്തവരുടെയിടയിൽ ജോലിചെയ്യാനിരിക്കുന്ന ഒരു ഡോക്ടറുടെ ഗതിയാകും പിന്നെയവർക്ക്.
ഓരോ മതസ്ഥാപകരെയും, അവയുടെ മുന്നണിപ്പടയാളികളെയും എടുത്തു പരിശോധിച്ചാൽ എത്രമാത്രം വികലമനസ്ക്കർ(perverts) ആയിരുന്നു അവരെന്ന് വളരെ വ്യക്തമായി കാണാവുന്നതാണ്(എത്ര ഉദാഹരണങ്ങളും, വിശദീകരണങ്ങളും നൽകാൻ ഞാൻ തയ്യാറാണ്, പക്ഷെ ഇവിടെ എഴുതുന്നില്ല, താല്പര്യമുള്ളവർക്ക് നേരിട്ട് സംവദിക്കാം).
അവർ ഓരോരുത്തരും അവരുടെ വൈകല്യങ്ങൾ, ആവതില്ലായ്മകളെ ഒക്കെ പാപങ്ങളാക്കി ചിത്രീകരിച്ചാണ് അവരുടെ ആധികാരിക മതഗ്രന്ഥങ്ങൾ എഴുതിയുണ്ടാക്കിയത്, നിയമാവലികൾ, ആചാരങ്ങൾ, അനുഷ്ടാനങ്ങൾ ഒക്കെയുണ്ടാക്കിയത്. എന്നാൽ എല്ലാ മതങ്ങൾക്കും സാമാന്യമായ ഒന്നുണ്ടെന്നത് അത്ഭുതകരമായ സംഗതിയാണ്.
മനുഷ്യജീവിതത്തിലെ സന്തോഷങ്ങളെ നിഷേധിക്കുന്നതിൽ, പാപമാക്കി വെടക്കാക്കുന്നതിൽ അവരെല്ലാം ഒറ്റക്കെട്ടാണ്. അതാണ് ചിന്തിക്കാൻ കഴിവില്ലാത്ത ജനങ്ങൾ ഉള്ളിടത്തെല്ലാം മതങ്ങൾ വൻ വിജയമായി ഇപ്പോഴും തുടരുന്നത്.
നാളെ അന്നം മുട്ടിയാൽ; ഞാനുമൊരു ദൈവത്തെയും, മതത്തെയും ഉണ്ടാക്കിയേക്കാം, ആ ദൈവത്തിന്റെ പാപങ്ങളുടെ ലിസ്റ്റിൽ ഏറ്റവും ഹീനമായ പാപം 'ചോറുണ്ണുക' എന്നതായിരിക്കും, കാരണം എനിക്ക് ചോറുണ്ണുന്നത് ഇഷ്ടമല്ല, ചോറുണ്ടാൽ എന്റെ വയർ വല്ലാതെ കമ്പിക്കും(bloating), എനിക്ക് ശ്വാസം മുട്ടും, കാർബുകൾ എനിക്ക് അലർജിയാണ്. ഞാനതു സ്ഥാപിക്കാൻ ലോകതത്വങ്ങളെ കൂട്ടുപിടിക്കും, ന്യായവാദങ്ങൾ കണ്ടെത്തി നിങ്ങളെ വിശ്വസിപ്പിക്കും. മനുഷ്യരാശിയുടെ ശാപത്തിനുകാരണം ചോറാണെന്നു സ്ഥാപിക്കും. അത്രയേ ചെയ്യേണ്ടൂ. പിന്നീട് നിങ്ങൾ ഓരോ ഉരുള ചോറുണ്ണുമ്പോഴും എന്നെയോർക്കും, കുറ്റബോധംകൊണ്ട് വീർപ്പുമുട്ടും. അവിടെനിന്ന് എന്റെ ജൈത്രയാത്ര തുടങ്ങും.
Comments
Post a Comment