ഞാൻ രണ്ടു പെൺമക്കളുടെ അച്ഛനാണ് - Father of two girls
കേരളത്തിലെ പെൺമക്കൾ മാത്രമുള്ള ഏതൊരച്ഛനും അമ്മയ്ക്കും അവരുടെ പെൺമക്കൾ മുതിരുമ്പോൾ ഉണ്ടാവുന്ന മാനസിക സംഘർഷം ഞങ്ങൾക്കുമുണ്ടായിരുന്നു. പ്രത്യേകിച്ച് എന്റെ ഭാര്യക്ക്. അതിന്റെ പ്രധാന കാരണം കുടുംബസദസ്സുകളിലും, സഹപ്രവർത്തകരുമായുള്ള സംഭാഷണങ്ങളിലും ഓരോരുത്തർ തങ്ങളുടെ പെൺമക്കൾക്ക് വേണ്ടി കരുതിയിട്ടുള്ള സ്വർണ്ണത്തിന്റെയും, ഫിക്സഡ് ഡിപ്പോസിറ്റുകളുടേയുമൊക്കെ കണക്കുകൾ അവളെ വല്ലാതെ അലട്ടുമായിരുന്നു എന്നതായിരുന്നു.
അങ്ങിനെയുള്ള ഓരോ സംഭാഷണങ്ങൾക്ക് ശേഷവും, ആധിപിടിച്ച മുഖത്തോടെ അവളെന്നോട് ചോദിക്കാറുണ്ടായിരുന്ന സ്ഥിരം ചോദ്യമിതാണ്,
'നീയെന്തു വിചാരിച്ചാണിരിക്കുന്നത്? എത്ര സ്വർണ്ണമാണ് നീ കരുതിയിട്ടുള്ളത്? സ്ത്രീധനമായിട്ട് കൊടുക്കാൻ നമ്മുടെ കയ്യിലെന്താണുള്ളത്? നീ പെൺമക്കളില്ലാത്ത വീട്ടിൽ വളർന്നതുകൊണ്ട് നിനക്കിത്തരം കാര്യങ്ങളെക്കുറിച്ച് ഒരു ചിന്തയുമില്ല, നമ്മുടെ പെൺമക്കളെ ഒന്നുംവേണ്ട എന്നുപറഞ്ഞു കെട്ടിക്കൊണ്ടുപോകാൻ ആരാണുണ്ടാവുക?'
അവളങ്ങിനെ പറയുന്നതിൽ കാര്യമുണ്ട്, കാരണം അവൾ വിവാഹത്തോടനുബന്ധിച്ചു കൊണ്ടുവന്നതല്ലാതെ നാളിതുവരെ ഒരുപവൻ സ്വർണ്ണം പോലും വാങ്ങാൻ ഞാൻ അനുവദിച്ചിരുന്നില്ല. സ്വർണ്ണം സ്വന്തം ജീവനെ കൊലയ്ക്ക് കൊടുക്കുന്ന വസ്തുവാണെന്ന തോന്നലായിരുന്നു അതിനു കാരണം. രണ്ടാമതായി ഞാനോ, എന്റെ അച്ഛനമ്മമാരോ എന്റെ ഭാര്യയുടെ വീട്ടുകാരോട് എന്താണ് നിങ്ങൾ സ്ത്രീധനമായി നൽകുകയെന്ന് വാക്കാലോ, സൂചനയായോ ചോദിച്ചിട്ടില്ല. അതുകൊണ്ട് എന്റെ പെൺമക്കളെയും അങ്ങിനെയുള്ള ആരെങ്കിലുമൊക്കെ വിവാഹം കഴിക്കാൻ തയ്യാറാവുമെന്ന അമിതവിശ്വാസവും.
അങ്ങിനെ ഭാര്യയുടെ അർദ്ധ വിയോജിപ്പോടെ ഞങ്ങൾ ഒരു തീരുമാനമെടുത്തു.
1) സ്ത്രീധനത്തെക്കുറിച്ച് വാക്കാലോ, സൂചനയായോ എന്തെങ്കിലും ചോദിക്കുന്നവന്, അവനെത്ര യോഗ്യനായാൽപ്പോലും മക്കളെ വിവാഹം കഴിപ്പിച്ചു കൊടുക്കില്ല.
2) പയ്യനോ, പയ്യന്റെ വീട്ടുകാരോ മദ്യം കഴിക്കുന്നവരോ, മദ്യാനുകൂലികളോ ആയിരിക്കരുത്.
3) അമിത സമ്പത്തുള്ള വീടുകളിലെ പയ്യന്മാരെക്കൊണ്ട് വിവാഹം കഴിപ്പിക്കില്ല.
ഞങ്ങളുടെ ഭാഗ്യംകൊണ്ട് രണ്ടു പെൺമക്കളെയും ഞങ്ങളുടെ തീരുമാനങ്ങൾക്ക് അൽപ്പംപോലും വിട്ടുവീഴ്ച ചെയ്യാതെ തന്നെ വിവാഹം കഴിപ്പിച്ചയാക്കാനുള്ള ഭാഗ്യമുണ്ടായി. മൂത്ത മകളെ വിവാഹം കഴിച്ചയാൾ ഒരു തുളുബ്രാഹ്മിൻ പയ്യനായതുകൊണ്ട് മദ്യം മാത്രമല്ല, മൽസ്യമാംസാദികളും തൊടാത്ത ആളാണെന്ന കുഴപ്പമേയുള്ളൂ. രണ്ടാമത്തെ മകളെ വിവാഹംകഴിച്ചയാളും എന്നെപ്പോലെതന്നെ തികഞ്ഞ മദ്യവിരോധിയാണ്.
സ്വന്തം പെൺമക്കളെ മറ്റൊരാളുടെകൂടെ ഇറക്കിവിടുന്നതിനു മുന്നേ ഏറ്റവും കൂടുതൽ അറിഞ്ഞിരിക്കേണ്ടത് അയാൾക്കോ, അയാളുടെ വീട്ടുകാർക്കോ നമ്മുടെ മകളിലുള്ള മുഖ്യ ആകർഷണമെന്തെന്നതാണ്, അത് പണമോ, അതേപോലെ മറ്റെന്തെങ്കിലുമോ ആണെന്ന ഒരു ചെറിയ ധ്വനിയുണ്ടായാൽ അയാളെത്ര യോഗ്യനായാലും, നിസ്സങ്കോചം ആ ബന്ധം ഉപേക്ഷിക്കുകയാണ് നല്ലതെന്നാണ് സമകാലീന സംഭവങ്ങൾ സൂചിപ്പിക്കുന്നത്.
പയ്യനും, പയ്യന്റെ വീട്ടുകാരും ഈശ്വരവിശ്വാസികളാണോ, പള്ളിയിലെ നിത്യസന്ദർശകരാണോ എന്നതൊക്കെ അപ്രധാനമായ കാര്യങ്ങളാണ്. ഒരു പെൺകുട്ടിയോടുള്ള താല്പര്യത്തിനപ്പുറത്തുള്ള താല്പര്യത്താൽ നമ്മുടെ മകളെ വിവാഹം കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരാൾക്ക് നമ്മുടെ മകളെ ആത്മാർത്ഥമായി സ്നേഹിക്കാനാവുമെന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല. എന്താണ് നീ നിന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്നതെന്ന ഒരൊറ്റച്ചോദ്യം പയ്യനോ, പയ്യന്റെ വീട്ടുകാരോ ചോദിച്ചാൽ ആ ക്ഷണംതന്നെ നാം നമ്മുടെ മകളുടെ 'പുനരധിവാസത്തെപ്പറ്റി' ചിന്തിച്ചു തുടങ്ങണമെന്നാണ് എനിക്ക് പറയാനുള്ളത്. എന്റെ മകൾ, എപ്പോഴും എന്റെ മകൾ തന്നെയാണ്, അവൾ ഭർതൃമതിയോ, വിവാഹമോചിതയോ എന്നതിലല്ല കാര്യം. അവൾ എന്റെ ശ്വാസം അവസാനിക്കുന്നതുവരെ ജീവിച്ചിരിക്കുക എന്നതാണ് പ്രധാനം.
നാം ജീവിച്ചിരിക്കുന്നിടത്തോളം കാലം നമ്മുടെ പെൺമക്കളെ ആരുടേയും ശാരീരിക, മാനസിക,സാമ്പത്തിക പീഡനങ്ങൾക്ക് ഇരയാകാൻ, അതെല്ലാം സഹിച്ചു ജീവിക്കാൻ അനുവദിച്ചുകൂടാ. അതിന് സാമ്പത്തികം ഒരു പ്രശ്നമല്ല. ഇന്നത്തെക്കാലത്ത് എങ്ങിനെയെങ്കിലുമൊക്കെ ജീവിച്ചുപോകാനുള്ള മാർഗ്ഗം കണ്ടെത്താമെന്നതിന് ഒരു സംശയവും വേണ്ട.
ഓരോ പെൺകുഞ്ഞും വിലമതിക്കാനാവാത്ത ദാനമാണ്. അനുഗ്രഹമാണ്. അവളെ സംരക്ഷിക്കുകയെന്നതാണ് ഏറ്റവും വലിയ ഉത്തരവാദിത്വം.
Comments
Post a Comment