ആദ്ധ്യാത്മിക അറിവെന്ന അനാവശ്യം - Do we need spiritual Scriptures?
ധാർമ്മികത, സദാചാരം, മതം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് എന്റേതായ വീക്ഷണങ്ങൾ ഞാൻ എഴുതിയാൽ അതിനെ എതിർത്തുകൊണ്ട്, തെറ്റാണെന്നോ, അസംബന്ധമെന്നോ സ്ഥാപിക്കാൻ അനേകർ അവരവരുടെ ഭാരിച്ച ഗ്രന്ഥങ്ങളിലെ വിവരണങ്ങളുമായി എത്തും, പലതും അവയുടെ സങ്കീർണ്ണത കൊണ്ടോ, അല്ലെങ്കിൽ ശുദ്ധ അസംബന്ധമായതുകൊണ്ടോ എനിക്ക് മനസ്സിലാകാറില്ല, അതിനാൽത്തന്നെ സ്വീകരിക്കാറുമില്ല.
MSc ക്ക് പഠിക്കുമ്പോൾ ഹോസ്റ്റലിൽ കൂടെയുണ്ടായിരുന്ന; സന്യാസിയാകാൻ തീരുമാനിച്ച ഗോരഖ്‌പൂർ കാരനായ ഒരാളുമായുള്ള സ്ഥിരം ചർച്ചകൾ എന്നെ ഭാരതീയ തത്വശാസ്ത്രങ്ങളുടെ 'ഭാര'ത്തിലേക്ക് ആകർഷിക്കുകയും, അതിന്റെ ഭാരമളക്കാനായി ഫിസിക്കൽ കെമിസ്ട്രി ലാബിൽവച്ചു എന്നെ കടന്നുപിടിച്ച്, കവിളിലൊരുമ്മ നൽകി, എനിക്ക് നിന്നെയിഷ്ടമാണെന്ന് പറഞ്ഞ 'പദ്‌മ ഷെഫാലിയെ' തള്ളിമാറ്റി; അവന്റെ കൂടെ ഗോരഖ്‌പൂരിലേക്കും അവിടെനിന്ന് അവന്റെ ഗുരുവിന്റെ ആശ്രമത്തിലേക്കും പോയി.
വളരെ ശാന്തനായ ആ സന്യാസി(കഞ്ചാവ് സാമിയല്ലാതിരുന്നത് എന്റെ ഭാഗ്യം)എന്നെക്കുറിച്ചു മനസ്സിലാക്കിയശേഷം കുറെ ദിവസങ്ങൾ അവിടെ താമസിക്കാൻ ആവശ്യപ്പെട്ടു. ആ ദിവസങ്ങളിൽ വേദങ്ങൾ, ഉപനിഷത്തുക്കൾ അങ്ങിനെ പലതും അവിടെ ചർച്ചചെയ്യപ്പട്ടിരുന്നു, ഒരുദിവസം ചർച്ചകൾക്ക് ശേഷം സന്യാസി എന്റെയടുത്തുവന്ന് എന്നോട് പറഞ്ഞു, നിനക്ക് കോളേജ് തുറക്കാൻ ഇനി മൂന്ന് ദിവസംകൂടിയെ ഉള്ളൂ. അതിനുമുൻപ് ഉറച്ച ഒരു തീരുമാനത്തിലെത്തണം. നീ എന്ത് തീരുമാനിച്ചാലും അതിനെയോർത്തു കുറച്ചുകാലത്തേക്കെങ്കിലും ദുഖിക്കും എന്നുകൂടി ഓർത്തിട്ടു വേണം തീരുമാനിക്കാൻ.
ഒരൊറ്റ ചോദ്യത്തിനുള്ള ഉത്തരവുമായി നാളെ അതിരാവിലെ എന്നെ കാണണം, പറ്റുമെങ്കിൽ രാത്രി മുഴുവൻ ആലോചിച്ചുറപ്പിച്ചിട്ടുവേണം അതിന്റെ ഉത്തരം പറയാൻ.
" നിനക്ക് ജീവിതത്തിൽ ഒരിക്കലും പൂർണ്ണമായി ഉപേക്ഷിക്കാനാവാത്തത് എന്താണ്? " എന്നായിരുന്നു ചോദ്യം.
അന്നുരാത്രി ഞാൻ എന്റെ മനസ്സിൽനിന്ന് എനിക്കിഷ്ടമുള്ള പലതിനെയും ഓരോന്നായി എടുത്തു വിശകലനം നടത്തിയിട്ട് എറിഞ്ഞുകളഞ്ഞു, ഒടുവിൽ, വളരെ വൈകി; എറിഞ്ഞുകളയാൻ ഒരിക്കലുമാവാത്തതിനെ ഞാൻ കണ്ടെത്തിയ ശേഷം അൽപ്പസമയമുറങ്ങി.
രാവിലെ ഞാൻ ഗുരുവിന്റെ അടുത്ത്‌ചെന്നു.
എന്താണ് നിനക്ക് ഒരിക്കലും ഉപേക്ഷിക്കാനാവാത്തതായുള്ളത്? അദ്ദേഹം ചോദിച്ചു.
മറുപടി പറയാൻ ഞാൻ വല്ലാതെ മടിച്ചു എങ്കിലും പറഞ്ഞു,
'സ്വാമിജി, എനിക്ക് ലൈംഗിക ചിന്തകളെ ഒരിക്കലും പൂർണ്ണമായി ഉപേക്ഷിക്കാനാവുമെന്ന് തോന്നുന്നില്ല. ഒരു സ്ത്രീയുമായുള്ള ലൈംഗിക ബന്ധം, അതിലൂടെ ലഭിക്കാവുന്ന സംതൃപ്തി എനിക്ക് വളരെ പ്രാധാന്യമുള്ളതാണെന്നു തോന്നുന്നു. അങ്ങ് ക്ഷമിക്കണം' പറഞ്ഞതിനുശേഷം അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കാൻ മടിച്ചു ഞാൻ നിന്നു
സ്വാമി പക്ഷേ ശാന്തനായി എന്റെ തോളിൽ പിടിച്ചിട്ടു പറഞ്ഞു,
'ജീവിതത്തിൽ സംതൃപ്തിക്ക് ഓരോതരത്തിലുള്ള മാർഗ്ഗങ്ങളാണ് ഈശ്വരൻ ഓരോരുത്തർക്കും കൊടുത്തിട്ടുള്ളത്. നീയതിൽ നാണിക്കേണ്ട ആവശ്യമില്ല. ലൈംഗിക സംതൃപ്തി, രതിമൂർച്ഛ ഒക്കെത്തന്നെ ആത്മീയസംതൃപ്തിയുടെ അംശം തന്നെയാണ്. പക്ഷേ ക്ഷണികമാണെന്ന കുഴപ്പമേയുള്ളൂ. അതിലൂടെയും ഒരാൾക്ക് ആത്മീയതയുടെ ആഴങ്ങളിലേക്ക് എത്തിപ്പറ്റാനാവും. ഒരാൾ രതിമൂർച്ഛയിലേക്ക് എത്താൻ വേണ്ടി എടുക്കുന്ന പ്രയത്നവും, മോക്ഷപ്രാപ്തിക്ക് വേണ്ടി ഒരു സന്യാസി എടുക്കേണ്ടിവരുന്ന പ്രയത്നവും ഒരേപോലെയാണ്, ആദ്യത്തേത് ക്ഷണികമാണെങ്കിൽ, രണ്ടാമത്തേത് ശാശ്വതമാണെന്ന വ്യത്യാസമേയുള്ളൂ'
ഭാരതീയ തത്വചിന്തയുടെ 'ഭാരം' അപ്പോഴാണ് എനിക്ക് ബോധ്യമായത്. കാരണം ഞാൻ ഇത്തരത്തിൽ പറഞ്ഞത് ഒരു ക്രിസ്ത്യൻ പുരോഹിതനോടായിരുന്നെങ്കിൽ, എന്താകുമായിരുന്നു അയാളുടെ പ്രതികരണമെന്ന് ഞാൻ പറയേണ്ട ആവശ്യമില്ലല്ലോ? ലൈംഗികതയിലൂടെ ഒരാൾക്ക് മോക്ഷം, വിടുതൽ ലഭിക്കാമെന്ന് ഒരു നല്ല ക്രിസ്ത്യാനിക്ക് ചിന്തിക്കാൻ പോലുമാവില്ല.
ഇന്ന് രാവിലെ അടുത്തയിടെ എന്റെ ഫേസ്‌ബുക്ക് സുഹൃത്തായ അനേകം പ്രത്യേകതകൾ ഉള്ള, അറിവും, അനുഭവവുമുള്ള ഒരാൾ എന്നോട് ചോദിച്ചു,
സാറിന് വിവാഹേതര ലൈംഗിക ബന്ധങ്ങളുണ്ടോ? എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ?
ഞാൻ പറഞ്ഞു, ഇല്ല, ഇതുവരെയുണ്ടായിട്ടില്ല.
എന്തുകൊണ്ടാണ് ഇല്ലാതെപോയത്? അല്ലെങ്കിൽ വേണ്ടെന്നു വച്ചത്?
ഒന്നാമതായി അതിന്റെ ആവശ്യം തോന്നേണ്ട അവസ്ഥയുണ്ടായില്ല, ഇപ്പോൾ പക്ഷെ ആവശ്യമായേക്കുമെന്ന് തോന്നുന്നുണ്ട്, എന്നാൽ അതിനുള്ള സാഹചര്യങ്ങളിൽ എന്നെ അതിൽ നിന്ന് തടയുന്ന എന്തോ ഒരു തരം മാനസിക തടസ്സമുണ്ട് (mental block). അതിനെ അതിജീവിക്കാതെ എനിക്ക് വിവാഹേതര ബന്ധത്തിന് സാദ്ധ്യമാവുമെന്ന് തോന്നുന്നില്ല. ആ മാനസിക തടസ്സത്തെ അതിജീവിക്കാനായി ബോധപൂർവ്വം ഞാൻ അദ്ധ്വാനിക്കണോ വേണ്ടയോ എന്ന തീരുമാനത്തിലെത്താനുള്ള പ്രയത്നത്തിലാണ് ഞാനിപ്പോൾ. സാധിച്ചിരുന്നെങ്കിൽ ഞാൻ ഗോരഖ്‌പൂരിലെ സന്യാസിയെത്തന്നെ സമീപിക്കുമായിരുന്നു. പക്ഷെ അതാവില്ലല്ലോ?
ജീവിതത്തെ അതിലളിതമാക്കി നിർത്തുന്നവർക്കുമാത്രം അവകാശപ്പെട്ടതാണ് സംതൃപ്തി. ഇത്തരം പ്രശ്നങ്ങൾക്ക് നാം അതിഗഹനമായ വേദങ്ങൾ, ഉപനിഷത്തുക്കൾ, ബൈബിൾ തുടങ്ങിയവയിലൊന്നും അന്വേഷിച്ചലയേണ്ട ആവശ്യമില്ലെന്ന് എന്നെ പഠിപ്പിച്ചത് മഹാഗുരുവായ ലാവോ സുവാണ്. അദേഹത്ത്തിന്റെ വെറും എൺപത്തിയൊന്നു ചെറു കവിതകൾ മാത്രമുള്ള താവോ -തെ - ചിങ് എന്ന പുസ്തകത്തിൽ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരമുണ്ട്. അതുമതി എനിക്ക്.
അല്ലെങ്കിൽ അതിന്റെയും ആവശ്യമില്ല, "എന്റെ ഒരു പ്രവർത്തിയും, ഒരു ചിന്തയും മറ്റൊരാളുടെ ദുഃഖത്തിനിടയാക്കാൻ പാടില്ല" എന്ന ഒരൊറ്റ വാചകത്തിൽ അടങ്ങിയിട്ടുണ്ട് ലോകത്തെ സകലമാന മഹാഗ്രന്ഥങ്ങളുടെയും സാരാംശം. അതുപാലിച്ചാൽ മാത്രം മതി ഒരാൾ 'മനുഷ്യൻ' ആയി ജീവിക്കാൻ.
എന്തിനാണ് വെറുതെ അതുമിതും, മനസ്സിലാകാത്തതുമൊക്കെ വായിച്ചു ജീവിത്തെ അനാവശ്യമായി സങ്കീർണ്ണമാക്കുന്നത്?
'Less luggage more comfort' എന്നതല്ലേ നല്ലത്?
👍
ReplyDelete