കൃഷിക്കാരേ നിങ്ങൾ കബളിപ്പിക്കപ്പെടുകയാണ്!!!
അറുപതുകഴിഞ്ഞാൽ മാസം 10000 രൂപ പെൻഷൻ വാങ്ങിത്തരാൻ ആളുണ്ട്, പക്ഷേ അതുവരെ കൃഷിക്കാരൻ എങ്ങിനെ ജീവിക്കുമെന്നന്വേഷിക്കാൻ ആരുമില്ല !!
"Give a man a fish, and you feed him for a day. Teach a man to fish, and you feed him for a lifetime. - Lao Tzu"
കൃഷിക്കാരന് കൃഷിചെയ്യാനുള്ള ആരോഗ്യമില്ലാതെയായാൽ(അതായത് കൃഷിയിൽ നിന്ന് വിരമിച്ചാൽ) പ്രതിമാസം പതിനായിരമല്ല, ഇരുപതിനായിരം കൊടുത്താലും അതുകൂടുതലല്ലെന്ന അഭിപ്രായക്കാരനാണ് ഞാൻ. ഇപ്പോൾ അത് വാങ്ങിക്കൊടുക്കാനുള്ള ശക്തമായ ഒരു പ്രസ്ഥാനം മുന്നോട്ടുവന്നിരിക്കുന്നത് പ്രശംസാർഹമാണ്. അവർ വിജയിക്കട്ടെ.
എന്നാലെന്റെ ബഹുമാന്യ സുഹൃത്തുക്കളേ എനിക്ക് നിങ്ങളോട് ചോദിക്കാനുള്ളത്, നിങ്ങൾ വാങ്ങിക്കൊടുക്കുന്ന പെൻഷൻ വാങ്ങാൻ അയാൾ 60 വയസ്സുവരെ ജീവിച്ചിരിക്കണ്ടേ? ആ കാലയളവിൽ അയാളുടെയും, കുടുംബത്തിന്റെയും ജീവിതാവശ്യങ്ങൾ നിറവേറ്റണ്ടേ? അതിനെല്ലാം അയാൾ ആശ്രയിക്കേണ്ടിവരുന്ന ഒരേയൊരു മാർഗ്ഗമായ കൃഷി ഇന്ന് ഏതാണ്ട് അടയ്ക്കപ്പെട്ട അവസ്ഥയിലല്ലേ? നിങ്ങൾ വാഗ്‌ദാനം ചെയ്തിരിക്കുന്ന; പെൻഷൻ വാങ്ങാനുള്ള പ്രായമാകുന്നതിനൊക്കെ എത്രയോമുൻമ്പ് അവരിൽ പലർക്കും ആത്മഹത്യ ചെയ്യേണ്ടി വരുന്നുണ്ടെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
2018 വരെ ഇൻഡ്യാ മഹാരാജ്യത്ത് രേഖപ്പെടുത്തപ്പെട്ട കണക്കനുസരിച്ച് 25964 കൃഷിക്കാർ കടംകയറി മുടിഞ്ഞതിനാൽ ആത്മഹത്യ ചെയ്തത് നിങ്ങൾക്കറിയാമോ?(അതിൽ കേരളത്തിലെ കണക്കില്ല!!). അതേപോലെതന്നെ ആ കാലത്ത് 7581 കർഷകത്തൊഴിലാളികളും ആത്മഹത്യ ചെയ്‌തെന്ന് നിങ്ങളറിഞ്ഞിട്ടുണ്ടോ?
2020 വരെയുള്ള ശരി കണക്കെടുത്താൽ, ഒരു പക്ഷെ നാമൊക്കെ ഞെട്ടിപ്പോകും, കാർഷിക മേഖല ഇക്കണക്കിന് മുന്നോട്ടുപോയാൽ 60 വയസ്സെത്തി,പെൻഷൻ വാങ്ങാൻ എത്രപേരുണ്ടാവുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
ബിസിനസ്സുകാരോ, പ്രവാസികളോ, പ്രൈവറ്റ് മേഖലയിൽ ജോലിചെയ്യുന്നവരോ ആയവർക്ക് 60 കഴിഞ്ഞുള്ള കാര്യത്തെപ്പറ്റി ആവലാതിപ്പെട്ടാൽ മതി, പക്ഷെ നിങ്ങൾക്കോ? നിങ്ങൾക്കതുവരെ ജീവിക്കണ്ടേ? അതിനായി എന്താണ്, ആരാണ് ചെയ്യുന്നത്? നിങ്ങളെന്തേ ഇക്കാര്യത്തെപ്പറ്റി ചിന്തിക്കാത്തത്?
നമ്മുടെ നാട്ടിലെ കൃഷിയുടെ കാര്യം പറയാതിരിക്കുകയാണ് നല്ലത്. കഴിഞ്ഞ നാലുവർഷങ്ങളായി സമ്പൂർണ്ണ കൃഷിക്കാരായി ജീവിച്ച അനുഭവത്തിൽ നിന്ന് എന്താണ് കേരളത്തിൽ കൃഷി പരാജയമാകാനുള്ള പ്രധാന കാരണങ്ങളെന്ന് മനസ്സിലാക്കിയതിന്റെ വെളിച്ചത്തിൽ പറയട്ടെ,
1) കൃഷിക്കാരൻ ഉല്പാദിപ്പിക്കുന്ന വസ്തുക്കൾക്ക് വിളവെടുപ്പ് സീസണിലോ, അല്ലാത്തപ്പോഴോ ന്യായമായ വില ലഭിക്കുന്നില്ല. അവനെപ്പോഴും ഇടത്തട്ടുകാരനാൽ ചൂഷണം ചെയ്യപ്പെടുന്നു
2) നാട്ടിലെ ഓരോരോ വിളകളുടെയും സീസണിൽ ഡിമാന്റ് കുറയുമ്പോൾ അവ ഓഫ് സീസൺവരെ സംഭരിച്ചുവയ്ക്കാനുള്ള സംവിധാനം സഹകരണ/സർക്കാർ മേഖലയിൽ ഇല്ല.
3 ) നമ്മുടെ കർഷകർ നാളിതുവരെ അവരുടെ ഉത്പന്നങ്ങൾക്ക് മൂല്യവർദ്ധനയുണ്ടാക്കി കൂടുതൽ വിലയ്ക്ക് വിൽക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല.
കേരളത്തിലെ കൃഷിക്കാർക്ക് സാമാന്യവിദ്യാഭ്യാസമുള്ളവരെങ്കിലും ദശകങ്ങളോ, നൂറ്റാണ്ടുകളോ ആയി അവർ ഇടത്തട്ടുകാരുടെ വ്യത്തികെട്ട ചൂഷണം സഹിക്കുന്നതിന്റെ പിന്നിലെ മാനസികാവസ്ഥ എത്ര ചിന്തിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല. അല്ലെങ്കിൽ അവർക്കാകില്ലെങ്കിൽ ഇന്ത്യയിൽ മറ്റുപലയിടങ്ങളിലും ഉള്ളതുപോലെ ഏതെങ്കിലും ഒരു ഏജൻസി അവരെ സഹായിക്കാനായി മുന്നോട്ടു വരാത്തതെന്താണെന്നും മനസ്സിലാകുന്നില്ല. ഏതായാലും ഒരുദാഹരണം പറയാതെ വയ്യ.
ഞാൻ മഹാബലേശ്വറിലെ 'പഞ്ചാഗ്നി' എന്ന സ്ഥലത്തുപോയപ്പോൾ അവിടെയാകെ നിറഞ്ഞുനിൽക്കുന്ന ബോർഡുകൾ മുഴുവൻ 'Mapro' എന്ന പ്രസ്ഥാനത്തിന്റെയായിരുന്നു. പണ്ട്, അവിടം സ്ട്രോബെറി കൃഷിക്ക് അനുയോജ്യമാണെന്ന് കണ്ടെത്തിയ ഒരാൾ തുടങ്ങിവച്ച, ഇന്ന് ആകാശം മുട്ടെ വളർന്ന ഒരു സ്ട്രോബെറി സംഭരണ, പ്രോസസിംഗ് പ്രസ്ഥാനമാണത്. ആ ഭാഗത്തുള്ള സകല വൻകിട, ചെറുകിട കർഷകരെക്കൊണ്ടും ഇന്നവർ സ്ട്രോബെറി കൃഷി ചെയ്യിപ്പിച്ചുകൊണ്ട്, അതിനുള്ള സകല സഹായങ്ങളും ചെയ്തുകൊണ്ട്, എത്ര ടൺ സ്ട്രോബെറിയുണ്ടെങ്കിലും അതെല്ലാം ജാം, ക്രഷ്, സ്‌ക്വഷ് ഒക്കെയാക്കിമാറ്റി ഇന്ത്യമുഴുവൻ മാർക്കറ്റ് ചെയ്യുന്നുണ്ട്. അവിടെയുള്ള ഒരൊറ്റ കർഷകനോ, കാർഷിക തൊഴിലാളികളോ അസംതൃപ്തരല്ല.
പക്ഷേ കർഷകരെ ഉദ്ധരിക്കുകയെന്ന ഒരൊറ്റലക്ഷ്യം മാത്രമുള്ള രാഷ്ട്രീയപാർട്ടിയുണ്ടായിട്ടും, കർഷകർക്കും, കാർഷികത്തൊഴിലാളികൾക്കും വേണ്ടി കണ്ണീരൊഴുക്കാനും, പ്രസംഗിക്കാനും, പ്രഭാഷണങ്ങൾ നടത്താനും നൂറുകണക്കിന് 'മഹാന്മാർ' ഉണ്ടായിട്ടും, പ്രബുദ്ധകേരളത്തിലെ കർഷകർ എന്തുകൊണ്ട് ഇന്നും 'കുമ്പിളിൽ' കഞ്ഞികുടിക്കേണ്ടി വരുന്നു?ആത്മഹത്യയെക്കുറിച്ചു ചിന്തിക്കേണ്ടി വരുന്നു?
പോയ സീസണിൽ ലോക പൈനാപ്പിൾ തലസ്ഥാനമായ വാഴക്കുളത്തെ കർഷകർക്ക് ടൺ കണക്കിന് പൈനാപ്പിൾ ചീഞ്ഞളിഞ്ഞ നശിക്കുന്നത് കണ്ടുനിൽക്കേണ്ടി വന്നു?
അതേപോലെതന്നെ ഏത്തവാഴ(നേന്ത്രവാഴ) കൃഷിക്കാർക്ക് കിലോയ്ക്ക് 15 രൂപപോലും കിട്ടാതെ, റോഡുവക്കിലിട്ട് കിട്ടിയവിലയ്ക്ക് വിറ്റൊഴിക്കേണ്ടിവന്നു?
പാലക്കാട് ജില്ലയിലെ വടക്കുംചേരിയിൽ നൂറുകണക്കിന് കായുപ്പേരി കച്ചവടക്കാരുണ്ട്, എന്തുകൊണ്ട് ആ മേഖലയിലെ വാഴക്കൃഷിക്കാർ ചേർന്ന്, അവരുടെ ഉൽപ്പന്നത്തെ മൂല്യവർദ്ധിത ഉപ്പേരിയോ, ശർക്കരപുരട്ടിയോ ഒക്കെയാക്കി വിൽക്കുന്നതിനെക്കുറിച്ചാലോചില്ല? അത് ഓൺലൈനിലോ, വിദേശങ്ങളിലേക്കോ മാർക്കറ്റ് ചെയ്യുന്നതിനെപ്പറ്റി ചിന്തിച്ചില്ല?
ഏതൊരു കാർഷിക ഉല്പന്നവും ഇന്ന് പലവിധത്തിൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി അനേകമിരട്ടി ലാഭത്തിൽ വിൽക്കാൻ സാദ്ധ്യതകളുണ്ട്. അത് സ്വബുദ്ധിയോ, കൂട്ടായചിന്തയോ വഴി പ്രയോജനപ്പെടുത്തിക്കൊണ്ട് നിങ്ങളുടെയും കുടുംബത്തിന്റെയും ജീവിതാവശ്യങ്ങൾ നിറവേറ്റാൻ പ്രാപ്തിയുണ്ടാക്കി, അങ്ങിനെ 60 വയസ്സുവരെ ജീവിക്കുമെന്ന ശുഭപ്രതീക്ഷക്ക് ഇടംകൊടുക്കാതെ. 60 കഴിഞ്ഞാൽ ആരോ വാങ്ങിത്തരുമെന്ന 'മലർപ്പൊടി' സ്വപ്നം കാണുന്നതാണോ ശരി?
പെൻഷൻ കിട്ടട്ടെ, പക്ഷെ ആദ്യം അതുവരെ ജീവിക്കാനുള്ള മാർഗ്ഗവും ഉണ്ടാക്കിത്തരാൻ അവരോടാവശ്യപ്പെടുക. അല്ലെങ്കിൽ ഇത് ശുദ്ധ കബളിപ്പിക്കൽ തന്നെയാണ്. ഓർക്കുക, നിങ്ങളുടെ ദയനീയാവസ്ഥയെ ചൂണ്ടിക്കാട്ടിക്കൊണ്ട് നിങ്ങൾക്ക് പെൻഷൻ വാങ്ങിത്തരാം എന്നുപറയുന്നവരിൽ ഭൂരിഭാഗത്തിനും 60 വയസ്സുവരെ എങ്ങിനെ ജീവിക്കാമെന്ന ആധിയില്ലാത്തവരാണ്. സ്വത്തും പണവുമുള്ളവരാണ്, മക്കളെ സ്വാശ്രയത്തിലും, വിദേശത്തും വിട്ട് പഠിപ്പിച്ചുകൊണ്ട് അവിടെനിന്നും പണം വാരിക്കൂട്ടുന്നവരാണ്, അവർ ഒരിക്കലും നിങ്ങളിലൊരാളല്ല. നിങ്ങളിലൊരാളല്ലാത്തവർക്ക് നിങ്ങളുടെ വേദനയറിയാനാവില്ല, നിങ്ങൾ വേറൊരു കൂട്ടരുടെ ഇരകളാക്കപ്പെടുകയാണ്.
സൂക്ഷിച്ചാൽ നിങ്ങൾക്ക് നല്ലത്
പലി: ഈ സീസണിൽ കേരളത്തിൽ ഇടിഞ്ചക്കയ്ക്ക് പോലും ഒരെണ്ണത്തിന് 100 രൂപവരെ വിലഉയർന്നു, ചക്ക ഉപയോഗിച്ച് നടത്തിയിരുന്ന പല ചെറുകിടപ്രസ്ഥാനങ്ങളും ചക്ക ലഭിക്കാതെ പൂട്ടേണ്ടിവന്നു. പെട്ടെന്ന് കായ്ക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച പ്ലാവിൻതൈക്ക് 2000 രൂപയ്ക്ക്പോലും വാങ്ങാനാളുണ്ടായി. ചക്കയെ മൂല്യവർദ്ധിത വസ്തുക്കളാക്കി കച്ചവടം നടത്തുന്ന ഒരു വ്യക്തിയുണ്ടാക്കിയ വെറും Hype ആയിരുന്നു ചക്കയെ താരമാക്കാനുണ്ടായ കാരണം. പ്രമേഹം മുതൽ കാൻസറിനുവരെ ചക്ക മതിയെന്ന് ഒരാൾ പറഞ്ഞു, 'അങ്ങിനെതന്നെ സിന്ദാബാദ്' എന്ന് മലയാളികൾ മുഴുവനും ഏറ്റുവിളിച്ചു. എന്തായാലും ചക്കയുണ്ടായിരുന്നവർക്ക് ഈ കൊല്ലം ചാകരയായി. അത് ശരിയായ, നിലനിൽക്കുന്ന പ്രവർത്തിയല്ല, പകരം ചക്കയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി മാർക്കറ്റ് ചെയ്യുകയാണ് വേണ്ടിയിരുന്നത്.




Comments
Post a Comment