ഗന്ധങ്ങളുടെ അറിയപെടാത്ത ലോകം

ഗന്ധങ്ങൾ പ്രകാശംപോലെ തന്നെയാണ്. പ്രപഞ്ചത്തിലുള്ള പ്രകാശത്തിന്റെ തീരെച്ചെറിയ ഒരു ഭാഗത്തെ മാത്രമേ(visible spectrum) നാം കാഴ്‌ചയിലൂടെയും, അനുഭവങ്ങളിലൂടെയും തിരിച്ചറിയുന്നുള്ളൂ. എന്നാൽ നമുക്ക് കാണാനോ, അനുഭവവേദ്യമാകാനോ പറ്റാത്ത തരം പ്രകാശം നമ്മെ അനേക വിധത്തിൽ സ്വാധീനിക്കുന്നുണ്ട്, നമ്മുടെ അനേക ജൈവപ്രക്രിയകളിൽ ഇടപെടുന്നുണ്ട്(വിശദീകരിക്കാൻ ഇടമില്ല).

ഗന്ധങ്ങളും അതേപോലെതന്നയാണ്. നമുക്ക് തിരിച്ചറിയാനാവുന്ന ഗന്ധങ്ങളേക്കാൾ ഉള്ളത് നമുക്കജ്ഞാതമായ ഗന്ധങ്ങളാണ്. നായ്ക്കൾക്കോ, അതേപോലെയുള്ള മറ്റു ജന്തുക്കൾക്കോ നമ്മേക്കാൾ ഇരട്ടിയോ, അതിലധികമോ ആയിട്ടുള്ള ഗന്ധങ്ങളെ തിരിച്ചറിയാനാകും.

എന്നാൽ പ്രകാശത്തെപ്പോലെതന്നെ നമുക്ക് തിരിച്ചറിയാനാവാത്ത, അല്ലെങ്കിൽ ഇടയ്ക്കെപ്പോഴോ തിരിച്ചറിയാനുള്ള കഴിവ് നഷ്ട്ടമായ അനേകം ഗന്ധങ്ങളാണ് നമ്മുടെ ശരീരത്തിലെ വളരെ പ്രധാനമായ അനേകം പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതെന്ന് എത്രപേർക്കറിയാം?

അതിലൊരു കൂട്ടമായ ഫെറോമോണുകളെക്കുറിച്ചാണ് ഞാൻ ഇന്നെഴുതാൻ പോകുന്നത്.

പ്രപഞ്ചത്തിലെ ഒട്ടുമിക്ക വസ്തുക്കളുടെയും, പ്രതിഭാസങ്ങളുടെയും നിലനിൽപ്പ് വിപരീതവും എന്നാൽ പരസ്പരപൂരകങ്ങളുമായവയുടെ 'ഒന്നിക്കൽ' കൊണ്ടാണ് സാദ്ധ്യമാക്കിയിരിക്കുന്നത്. അവയ്‌ക്കൊന്നിനും വേറിട്ട നിലനിപ്പില്ല. ആറ്റങ്ങളുടെ അടിസ്ഥാന ഘടകങ്ങളായ ഇലക്ട്രോണുകൾക്കും, പ്രോട്ടോണുകൾക്കും സ്വന്തമായി നിലനിൽപ്പില്ല. അതേപോലെ തന്നെയാണ് മനുഷ്യവംശത്തിന്റെ കാര്യവും.

സ്ത്രീക്കോ, പുരുഷനോ സ്വയമായി പൂർണ്ണാരോഗ്യത്തോടെ ജീവിക്കാനാവില്ല. കാരണം അവരുടെ ശരീരത്തിലെ പല പ്രധാനപ്പെട്ട പ്രവർത്തനങ്ങളും നിയന്ത്രിക്കപ്പെടുന്നത് എതിർലിംഗത്തിന്റെ സാന്നിദ്ധ്യത്തിൽ മാത്രമാണെന്നതുകൊണ്ടാണ്. എന്നാൽ അത് എത്രപേർ മനസ്സിലാക്കിയിട്ടുണ്ടാവുമെന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്.

സ്ത്രീകൾ തന്നെ താമസിക്കുന്ന ഇടങ്ങൾ, പുരുഷന്മാർ തന്നെ താമസിക്കുന്നയിടങ്ങൾ, സ്ത്രീകൾക്കും, പുരുഷന്മാർക്കും വെവ്വേറെ സ്‌കൂളുകൾ, കോളേജുകൾ എന്നിവയൊക്കെ പ്രകൃതിപരമായി അപകടകരമായ സംവിധാനങ്ങളാണ്. അറിവില്ലാത്തവർ സാമൂഹ്യവ്യവസ്ഥികൾ, നിയമങ്ങൾ ഒക്കെ നിർവചിക്കാനും, നിർണ്ണയിക്കാനുമുള്ള ഉത്തരവാദിത്വം ഏറ്റെടുത്തതിന്റെ കുഴപ്പമാണ്, ദോഷമാണ്.

ഒരുദാഹരണത്തിലൂടെ അത് വിശദീകരിക്കാം.

പുരുഷസാമീപ്യമില്ലാതെ; സ്ത്രീകൾ മാത്രം അനേകകാലം ജീവിക്കുന്ന കന്യാസ്ത്രീ മഠങ്ങൾ, ലേഡീസ് ഹോസ്റ്റലുകൾ തുടങ്ങിയ ഇടങ്ങളിൽ അവരുടെ ആർത്തവചക്രത്തിന്റെ താളം തെറ്റുന്നതായി കണ്ടെത്തിയിട്ടുണ്ട്(നാഷണൽ ജിയോഗ്രഫിക്കൽ സൊസൈറ്റി നടത്തിയ പഠനങ്ങൾ ആധാരം). അവരുടെ അണ്ഡോൽപാദനം(ovulation) ശരിയായി നടക്കാത്തതുകൊണ്ടാണ് അങ്ങിനെ സംഭവിക്കുന്നത് എന്നാൽ അവരിൽ ആർക്കെങ്കിലും പുരുഷസാമീപ്യമുണ്ടായാൽ (ലൈംഗിക ബന്ധമല്ല) പെട്ടെന്ന് ആ സ്ത്രീയുടെയും, കൂടെ മറ്റെല്ലാവരുടെയും അണ്ഡവിസർജനം നടക്കുന്നതായും, തുടർന്ന് ആർത്തവമുണ്ടാകുന്നതും കണ്ടെത്തിയിട്ടുണ്ട്.
ചുരുക്കത്തിൽ ഏതൊരു സ്ത്രീയുടെയും ആർത്തവ ചക്രത്തിന്റെ താളം(regularity) തെറ്റാതെ ക്രമമായി നിലനിർത്താൻ പുരുഷസാമീപ്യം അത്യാവശ്യമാണ്(feminists please excuse). അത് കൂടത്താമസിക്കുന്ന അച്ഛനോ, സഹോദരന്മാരോ ആരായാലും മതി.

ഇനി അതെന്തുകൊണ്ടാണെന്ന് നോക്കാം.
പുരുഷന്റെ കക്ഷത്തിലെ വിയർപ്പിലും, അവന്റെ മൂത്രത്തിലും ഉള്ള ഒരു വസ്തുവാണ് 'andrastadienone' ഇതൊരു ഫെറോമോൺ (ഗന്ധത്തിലൂടെ മറ്റൊരാളുടെ ശരീരരസതന്ത്രത്തെ സ്വാധീനിക്കുന്ന വസ്തുക്കൾ) ആയിട്ടാണ് ഇപ്പോൾ കണക്കാക്കപ്പെടുന്നത്. ഈ വസ്തുവിന് സ്ത്രീകളുടെ മാനസിക നിലയെയും(mood) ലൈംഗിക ഉത്തേജനത്തെയും നല്ലതുപോലെ സ്വാധീനിക്കാനാവുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് മണക്കാനിടയാവുന്ന സ്ത്രീകളുടെ ശരീരത്തിൽ 'cortisol' എന്ന ഹോർമോണിന്റെ അളവിനെ നല്ലതുപോലെ കൂട്ടുമെന്ന് കണ്ടെത്തിട്ടിട്ടുണ്ട്. അതിനാൽ പുരുഷന്റെ കക്ഷത്തിലെ വിയർപ്പുഗന്ധത്തിന് സ്ത്രീകളുടെ പെരുമാറ്റത്തിനെയും, ഹോർമോൺ നിലയെയും (behavioral and hormonal changes) നല്ലതുപോലെ നിയന്ത്രിക്കാൻ ആവും.

മാത്രമല്ല, പുരുഷവിയർപ്പ്, മൂത്രം എന്നിവയിലുള്ള 'andrastadienone' ന്റെ ഗന്ധത്തിന് സ്ത്രീകളിൽ അണ്ഡോൽപ്പാദനത്തിനു സഹായിക്കുന്ന ഹോർമോണുകളുടെ (Follicle stimulating hormone) ഉൽപാദനത്തെ കൂട്ടാനാവുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ചുരുക്കത്തിൽ ഏതൊരു സ്ത്രീയുടെയും പ്രത്യുൽപാദന ചക്രത്തിന്റെയും, പ്രതിൽപ്പാദനക്ഷമതയുടെയും താളത്തിനും, ആരോഗ്യത്തിനും പുരുഷസാമീപ്യം അത്യാവശ്യമാണ്.

വിദേശങ്ങളിൽ കന്യാസ്ത്രീ മഠങ്ങൾ, തനിച്ചു താമസിക്കുന്ന സ്ത്രീകൾ എന്നിവർക്ക് ആർത്തവചക്രത്തിന്റെ താളക്രമം നിലനിർത്താൻ 'andrastadienone' അടങ്ങിയ സ്പ്രേകൾ ലഭ്യമാണ്. അത് സ്ത്രീകൾ സ്തനങ്ങളിൽ സ്പ്രേ ചെയ്തുകൊണ്ട് അവരുടെ ആർത്തവചക്ര താളം ക്രമീകരിക്കുന്നുണ്ട്.
പൂർണ്ണ നഗ്നരായി, വിയർത്തൊലിച്ച് നടത്തിയിരുന്ന പണ്ടുകാലത്തെ ലൈംഗിക ബന്ധങ്ങൾക്ക് ലൈംഗിക സംതൃപ്തിക്കും അപ്പുറത്തുള്ള പ്രധാനപ്പെട്ട ചില റോളുകളും ഉണ്ടായിരുന്നെന്ന് ഇന്ന് ശാസ്ത്രം മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്.

പക്ഷേ മനുഷ്യ ശരീരങ്ങളുടെ 'തനിഗന്ധങ്ങൾ' അരോചകമായി മാറിയ, വിയർപ്പിനെ വെറുക്കുന്ന പുത്തൻ തലമുറ; ശക്തമായ ഡിയോഡറന്റുകളും, സുഗന്ധസ്പ്രേകളും മറ്റുമുപയോഗിച്ചുകൊണ്ട് തങ്ങളുടെ 'അസ്സൽ' ഗന്ധത്തെ മറയ്ക്കുന്നതുകൊണ്ടായിരിക്കുമോ(masking) പ്രകൃതിദത്തമായ,andrastadienone പോലെയുള്ള ഫെറോമോണുകൾക്ക് പ്രവർത്തിക്കാനാവാതെ പോകുന്നതും, അതിന്റെ ഫലമായാണോ സ്ത്രീപുരുഷ ബന്ധങ്ങൾ യാന്ത്രികമായിപ്പോകുന്നതെന്നും ഞാൻ സംശയിക്കുന്നു.

പണ്ട് പരസ്പ്പരം വിയർപ്പിൽ കുളിപ്പിച്ചുകൊണ്ട് വിയർപ്പുഗന്ധത്താൽ പരസ്പ്പരം ഉന്മത്തരായി നടത്തിയിരുന്ന ലൈംഗികബന്ധങ്ങളുടെ ശക്തിയും, രസവും, പ്രയോജനവും എങ്ങിനെയാണ് ഇന്ന് വിയർക്കാത്ത AC മുറികളിൽ, ശക്തമായ സുഗന്ധലേപനങ്ങൾ, സ്പ്രേകൾ, ദുർഗന്ധനിവാരിണികൾ(ഡിയോഡറന്റുകൾ) എന്നിവയിൽ കുളിച്ചുകൊണ്ട് നടത്തുന്ന ലൈംഗിക സംതൃപ്തി മാത്രം നൽകുന്ന 'പരാക്രമങ്ങൾക്ക്' സാധ്യമാവുക?

ആധുനിക മനുഷ്യർക്ക് അവരുടെ ജീവിതത്തിലെ പല നന്മകളും, ശാരീരിക, മാനസിക ആരോഗ്യത്തിനുതകിയിരുന്ന പലതും നഷ്ട്ടമായിരിക്കുകയാണ്.
അതായിരിക്കുമോ ഇന്ന് ശാരീരിക, മാനസിക ആരോഗ്യനഷ്ടം സംഭവിച്ച, ബന്ധങ്ങൾക്ക് ആഴമില്ലാതെയായാകുന്ന പ്രവണതകൾക്ക് കാരണം?

നാമറിയാതെ അനേകം ഗന്ധങ്ങൾ നമ്മെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നുണ്ട് അവയെക്കുറിച്ചുള്ള അറിവില്ലായ്മ്മ അവയെ അവഗണിക്കാനുള്ള കാരണമല്ല.

പുരുഷനിൽ നിന്ന് വേറിട്ട് സ്ത്രീകൾക്കോ, തിരിച്ചോ, നിലനില്പില്ലെന്നുള്ള സത്യം മനസ്സിലാക്കുന്നത് നല്ലതാണെന്നാണ് എനിക്ക് തോന്നുന്നത്.

Comments

Post a Comment

Popular posts from this blog

സ്വപ്നങ്ങൾ എല്ലാം സുന്ദരമാണ് പക്ഷെ യാഥാർഥ്യമങ്ങിനെയല്ല

പൂർണ്ണത - Perfection

രാജപ്പനെന്ന ഉഭയജീവി.