ദൈവവും,സാത്താനും പരസ്പ്പരപൂരകങ്ങളോ?

ദൈവത്തെ സൃഷ്ടിച്ചവർക്ക് സാത്താനെയും സൃഷ്ട്ടിക്കാതിരിക്കാനാവില്ല.

രാത്രിയുള്ളതുകൊണ്ടു മാത്രമാണ് നാം പകലുണ്ടെന്നറിയുന്നത്. തിന്മയുള്ളതുകൊണ്ടാണ് നന്മയ്ക്ക് മഹത്വമുള്ളത്, വെറുപ്പില്ലെങ്കിൽ സ്നേഹത്തെ ആരും അറിയാതെ പോകും.കയറ്റം കയറാൻ പ്രയാസമുള്ളതുകൊണ്ടാണ് ഇറക്കത്തിന്റെ രസമനുഭവിക്കാനാവുന്നത്.

അത് നന്നായി മനസ്സിലാക്കിയ ബുദ്ധിമാന്മാരാണ് ദൈവത്തെയും, സാത്താനെയും ഒന്നിച്ചുണ്ടാക്കിയത്. സാത്താൻ ഭയമാണ് ദൈവഭയത്തിന്റെ നിലനിൽപ്പിന്റെ ആധാര ശില. സാത്താനില്ലാതായാൽ, ആരാണ് ദൈവത്തെ തിരിച്ചറിയുക?

ശാസ്ത്രത്തിലും, തത്വചിന്തയിലും ഒരേപോലെ പ്രയോഗിക്കാവുന്ന ഒരേയൊരു തിയറിയേയുള്ളൂ (എന്റെ എളിയ അറിവിൽ), അത് ചൈനീസ് യിൻ - യാങ് തിയറിയാണ്.
അതിന്റെ സാരാംശം - പരസ്പ്പരവിരുദ്ധവും, എന്നാൽ പരസ്പ്പരപൂരകങ്ങളുമായവ ഒന്നിച്ചുള്ളവയ്ക്ക് മാത്രമേ നിലനിൽപ്പുണ്ടാവുകയുള്ളൂ എന്നാണ്.

അത് ശാസ്ത്രത്തിൽ -
നെഗറ്റീവ് ചാർജ്ജുള്ള ഇലക്ട്രോണിനോ, അതേ അളവിൽ പോസിറ്റീവ് ചാർജുള്ള ഒരു പ്രോട്ടോണിനോ, തനതായ നിലനിൽപ്പില്ല. അതുകൊണ്ടുതന്നെ പ്രകൃതിയിൽ എവിടെയും ഒരു പ്രോട്ടോണിന് ഒരിലക്ട്രോൺ എന്ന അനുപാതത്തിൽ മാത്രമേ എന്തും കാണാനാവൂ(ഇത് വളരെ ഗഹനമായ ഒരു വിഷയമാണ്. വിശദീകരിക്കാനാവാത്തതിന്റെ ഗതികേട് എനിക്കുണ്ട്).

അത് ജീവിതത്തിൽ - സുഖം - ദുഃഖം, നന്മ - തിന്മ , സ്നേഹം - വെറുപ്പ് തുടങ്ങിയ ജോഡികളെ മാത്രമേ മാനുഷിക വികാരങ്ങളിൽ കാണാനാവൂ. വിപരീതമില്ലാത്ത ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. നാമെത്ര ശ്രമിച്ചാലും അവയിൽ ഒന്നിനെമാത്രമായി നിലനിർത്താനാവില്ല. അതാണ് ലോകാരംഭം മുതൽ അനേക ദൈവങ്ങളും, പ്രവാചകന്മാരും വന്നുപോയിട്ടും ഈ ലോകത്തെ തിന്മക്കോ, വെറുപ്പിനോ, ദുഖത്തിനോ, ആർത്തിക്കോ, തെറ്റുകൾക്കോ യാതൊരു കുറവും സംഭവിക്കാത്തത്.

എത്ര ശക്തനായ ദൈവം വിചാരിച്ചാലും, ലോകമെങ്ങുമുള്ള സകല മനുഷ്യരും ആ ദൈവത്തെ അണുവിട തെറ്റാതെ അനുസരിച്ചാലും തുല്യ അളവിൽ അതിന്റെയൊക്കെ വിപരീത പ്രവർത്തികൾ ഇവിടെയുണ്ടാകും. എത്ര വേദങ്ങൾ, വിശുദ്ധ ഗ്രന്ഥങ്ങൾ ഉണ്ടായാലും, ധാർമ്മിക നിയമസംഹിതകൾ ഉണ്ടാക്കിയാലും ലോകം ഇതുപോലെ തന്നെ തുടരും അതാണ് യിൻ - യാങ് തിയറിയെ വെല്ലാൻ ഈ ലോകത്തൊന്നുമില്ലെന്ന് ഞാൻ സൂചിപ്പിച്ചത്

ഇനി നിങ്ങളെ ഞാൻ വെല്ലുവിളിക്കുന്നു, പരസ്പ്പരവിരുദ്ധമായവ; പരസ്പ്പരപൂരകങ്ങളല്ലാതെ നിലനിൽക്കുന്ന എന്തെങ്കിലുമുണ്ടെങ്കിൽ എന്നെയൊന്നു കാട്ടിത്തരാൻ.

അതുകൊണ്ട് കാമം, ക്രോധം, മോഹം ഒന്നും നിങ്ങൾ കരുതുന്നതുപോലെ തെറ്റായ, ഹീനമായ വികാരങ്ങളല്ല, മറിച്ച് നിങ്ങൾ നല്ലതെന്ന് കരുതുന്നവയുടെ വില, അവയുടെ നിലനിൽപ്പ് എല്ലാം ഉറപ്പാക്കുന്നവയാണ്. അവയില്ലെങ്കിൽ പിന്നെയൊന്നുമില്ല. എത്ര ശക്തനായ ദൈവവും, അതിന്റെ വിശ്വാസികളും വിചാരിച്ചാലും അതിനെ തോൽപ്പിച്ചില്ലാതെയാക്കാനാവില്ല.

അങ്ങിനെയൊരു ലോകം വെറും സ്വപ്നം മാത്രമാണ് അതിന്റെ നിലനിൽപ്പസാദ്ധ്യമാണ് . ചുരുക്കത്തിൽ കാമ,ക്രോധ,മോഹാദികളെ തിരസ്ക്കരിക്കുന്നവർ അങ്ങിനെയുള്ള ഒരു സ്വപ്നലോകത്തു ജീവിക്കുന്നവരാണ്.

ഇനി ലോകത്തെവിടെയെങ്കിലും അവയെ അപ്പാടെ ഒഴിവാക്കി ജീവിക്കുന്നവരുണ്ടെങ്കിൽ അവർ കാരണം ലോകത്തു മറ്റെവിടെയെങ്കിലും അതേയളവിൽ കാമ,ക്രോധ,മോഹാദികൾ വർദ്ധിക്കുമെന്നതിനൊരു സംശയവും വേണ്ട.

ചുരുക്കത്തിൽ നന്മയും തിന്മയും തുല്യ അളവിൽ ഉണ്ടെങ്കിൽ മാത്രമേ നിലനിൽപ്പുണ്ടാവുകയുള്ളു. അതുകൊണ്ട് നിങ്ങളിലാരെങ്കിലും അമിതമായി നല്ലതെന്നു നിർവചിക്കപ്പെട്ടവയെ പിൻപറ്റിയാൽ ലോകത്തു മറ്റെവിടെയെങ്കിലും നിങ്ങൾ കാരണം ചീത്തവയെന്നു കരുതുന്നവ കൂടും.
അതുകൊണ്ട് ലോകത്തിന്റെ സന്തുലിതമായ നിലനിൽപ്പ് ആഗ്രഹിക്കുന്നവർ നല്ലതിനെ മാത്രം പിൻപറ്റാതെ തെറ്റിനെയും പിൻപറ്റേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ലോകത്തു മറ്റെവിടെയെങ്കിലും ഉയരുന്ന ശക്തവും, ഹീനവുമായ തെറ്റുകൾക്ക് നിങ്ങൾ ഉത്തരവാദിയാകും.

എല്ലാം 50:50 അനുപാതത്തിൽ ജീവിക്കുന്നവരാണ് ലോകത്തിന്റെ നിലനിൽപ്പിനാധാരം, അവരെയാണ് നല്ലമനുഷ്യരെന്ന് വിളിക്കാനാവൂ. നല്ലവരായ, കടുത്ത ദൈവഭക്തരായ, സദാചാര, ധാർമ്മിക നിയമങ്ങൾ അപ്പാടെ പാലിക്കുന്നവർ ആണ് ലോകത്തു കടുത്ത അശാന്തിയും തിന്മയും ഉണ്ടാക്കുന്നവർ. അവർ ആത്മീയരല്ല, അവരാണ് ശരിക്കും സാത്താന്റെ പിണിയാളുകൾ.

Comments

Popular posts from this blog

സ്വപ്നങ്ങൾ എല്ലാം സുന്ദരമാണ് പക്ഷെ യാഥാർഥ്യമങ്ങിനെയല്ല

പൂർണ്ണത - Perfection

രാജപ്പനെന്ന ഉഭയജീവി.