ജീവിതത്തിനും വേണം ബല്ലാസ്റ്റുകൾ (Ballast)

'ബല്ലാസ്റ്റ്' എന്നത് കപ്പലുകളെ നേരേനിർത്താനായി ഉപയോഗിക്കുന്ന ഭാരത്തെയാണ്. കാലിയായ കപ്പലിന് ജലത്തിൽ അപകടകരമായ 'ഇളകിയാട്ടം' ഉണ്ടാവും, അങ്ങനെവന്നാൽ കപ്പലിനെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് എല്ലാ കപ്പലുകളിലും കടൽ ജലം നിറയ്ക്കാനുള്ള വൻ ടാങ്കുകൾ ഉണ്ടാവും. കാലിയായോ, കാര്യമായ ചരക്കുകൾ ഇല്ലാതെയോ കപ്പലുകൾ സഞ്ചരിക്കേണ്ടി വരുമ്പോൾ അവയിലേക്ക് കടൽവെള്ളം പമ്പ് ചെയ്ത് കയറ്റിയാണ് കപ്പലുകളുടെ 'center of gravity' താഴെ നിർത്തി; അവയുടെ ഇളകിയാട്ടങ്ങളെ നിലയ്ക്ക് നിർത്തുന്നത്.

മനുഷ്യജീവിതവും അങ്ങനെത്തന്നെയാണ് നമ്മുടെ മനസ്സിനും വേണം അനുഭവങ്ങളുടെ ഒരു 'ബല്ലാസ്റ്റ്'. നമ്മെ താഴേക്ക് പിടിച്ചുനിർത്താനായി; വേദനിപ്പിക്കുന്ന, ഭയപ്പെടുത്തുന്ന കുറെ അനുഭവങ്ങളുടെ 'ബല്ലാസ്റ്റുകൾ' ഇല്ലെങ്കിൽ എന്നെപ്പോലുള്ളവർ ഇന്ദ്രിയാനുഭൂതികളുടെ (sensuous pleasure) പിന്നാലെ 'ബല്ലാസ്റ്റില്ലാതെ' ഒഴുകുന്ന കപ്പലിനെപ്പോലെയാകുമായിരുന്നു.

കുടുംബത്തിന്റെയും, അദ്ധ്യാപകരുടേയും അമിതപ്രതീക്ഷയായിരുന്ന എന്റെ വിദ്യാഭ്യാസലക്ഷ്യങ്ങൾ മൂന്നു പ്രാവശ്യം ഭീകരമായ രോഗം കാരണം തകർന്നടിഞ്ഞു പോയതാണ്. അതിൽ രണ്ടുപ്രാവശ്യം മരണത്തിന്റെ വക്കിൽനിന്ന് എങ്ങിനെയോ തിരിച്ചു നടക്കാൻ സാധിച്ചുവെന്നു മാത്രം. MSc ക്ക് പഠിക്കുമ്പോൾ മൂന്നാമത്തെ തവണ വടക്കേഇന്ത്യയിലെ ഹോസ്റ്റലിൽ ദിവസം മുഴുവൻ ബോധംകെട്ടു കിടന്ന ഞാൻ മൂന്നാം ദിവസം കണ്ണുതുറന്നത് ആശുപത്രിയുടെ നാറുന്ന, അഴുകിയ രോഗികളുള്ള ജനറൽ വാർഡിലാണ്. ഹോസ്റ്റലിലെ ''കൂട്ടുകാർ" എന്നെ അവിടെക്കൊണ്ടു തള്ളിയിട്ട് സ്ഥലം വിട്ടിരുന്നു. അനേക ദിവസങ്ങൾ അവിടെക്കിടന്ന എന്നോട് ഡോക്ടർ പറഞ്ഞത് എനിക്ക് 'ടൈഫോയിഡ്' ആയിരുന്നെന്നും, അറിയാതെ പോയതുകൊണ്ട് വളരെ മോശമായ അവസ്ഥയിലാണ് ആശുപത്രിയിൽ എത്തിച്ചതെന്നുമായിരുന്നു. അതിനെയും അതിജീവിച്ചുകൊണ്ട് എങ്ങിനെയാണ് അന്ന് പഠനം പൂർത്തിയാക്കാനായതെന്ന് എനിക്കിപ്പോഴും അറിയില്ല.

മൂന്നാമത്തെ പ്രാവശ്യം മരിക്കാൻ ഞാൻ സ്വയം തീരുമാനിക്കുകയായിരുന്നു. എനിക്ക് മാനസികമായി ഒരിക്കലും താങ്ങാനാവില്ലെന്ന് തോന്നിയ ഒരനുഭവമായിരുന്നു എന്നെയതിലേക്ക് എത്തിച്ചത്. അന്നൊരു ദിവസം ഞാൻ ദേവമാതാ കോളേജിന്റെ രണ്ടാം നിലയിലെ, എന്റെ ഇരിപ്പിടത്തിനരികിലുള്ള, അഴികളില്ലാത്ത ജനാലയുടെ അടുത്തുനിന്ന് താഴേക്ക് ചാടാനുള്ള മാനസിക നിലയിലേക്ക് എത്തിനിൽക്കുമ്പോൾ, അപ്രതീക്ഷിതമായി എന്റെ പുറകിൽ വന്ന് 'എന്താസർ ഒരു വല്ലായ്മ?' എന്ന് ചോദിച്ച, ഗസ്റ്റ് ലക്ച്ചറർ ആയ ഒരു കൊച്ചുപെൺകുട്ടിയുടെ ശബ്ദത്തിലെ ആർദ്രതയാണ് തിരിച്ചു ജീവിതത്തിലേക്ക് തിരിച്ചു നടത്തിയത്.

പിന്നീടും എന്റെ ജീവിതത്തിൽ തരണം ചെയ്യാനാവില്ലെന്ന തരത്തിലുള്ള 'കടമ്പകൾ' കടൽത്തീരത്തെ നിലയ്ക്കാത്ത തിരകളെന്നവണ്ണം വന്നുകൊണ്ടേയിരുന്നു. പക്ഷേ അപ്പോഴേക്ക് എനിക്ക് അവയെ നേരിടാനുള്ള പ്രതിരോധശക്തി ലഭിച്ചിരുന്നു, ചിലപ്പോഴെല്ലാം അതെന്നെ വിഷാദത്തിന്റെ അഗാധകയങ്ങളിലേക്ക് ആഴത്തിവിടുമായിരുന്നെങ്കിലും ഞാൻ എങ്ങിനെയോ പിടിച്ചു നിന്നുവെന്നതാണ് സത്യം.

കൂടുതലെഴുതി നിങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നില്ല. ചുരുക്കത്തിൽ, ഒരു 'വീളിപ്പയ്യനെപ്പോലെ' ജീവിത സന്തോഷങ്ങളുടെ പിന്നാലെ അലയുമായിരുന്ന എന്നെ ആടാതെ, ഇളകാതെ നേരേനിർത്താൻ ഇടയാക്കിയ 'മാനസിക ബല്ലാസ്റ്റുകൾ ആയിരുന്നു ആ അനുഭവങ്ങൾ എന്നിപ്പോൾ എനിക്ക് മനസ്സിലായി.

ഒരിക്കലും പമ്പു ചെയ്തു കളയാനാവാത്തവിധം ആ ബല്ലാസ്റ്റുകൾ എന്റെ മനസ്സിന്റെ ആഴങ്ങളിൽ ഭാരമേറിയ 'കറുത്തീയ്യക്കട്ടികൾ'(lead weight) പോലെ കിടക്കുന്നുണ്ട്, അവയവിടെ കിടക്കട്ടെ, അവയെ എനിക്കിപ്പോൾ ഇഷ്ടമാണ്, കാരണം അവയാണ് എന്നെ താഴെയുറപ്പിക്കാൻ സഹായിക്കുന്നത്.

അത്തരം അനുഭവങ്ങൾ ചിലർക്ക് ജീവിതത്തിലെ സകലമാന സുഖങ്ങളോടും,ആഡംബരങ്ങളോടും വിരക്തിയുണ്ടാകാൻ ഇടയാക്കും, ചിലർക്കത് അവയോടുള്ള ഭ്രാന്തമായ ആർത്തിയുണ്ടാക്കും. ചിലരെ അത് വല്ലാത്ത വിഷാദരാക്കും. ഇപ്പോൾ, ഈ പ്രായത്തിൽ എന്നെയത്‌ ഒരു തരത്തിലുള്ള ലൗകിക വിരക്തനാക്കിക്കൊണ്ടിരിക്കുകയാണ്.എല്ലാം ഉപേക്ഷിക്കാനുള്ള ഒരു ആഗ്രഹം എന്റെ മനസ്സിനുള്ളിൽ എവിടെയോ തിളച്ചുമറിയാൻ തുടങ്ങിയിരിക്കുന്നു.

ഒരിക്കലും അത് പൂർണ്ണത്തെയിലേക്കെത്തിക്കാനാവില്ലെന്ന് എനിക്കറിയാം, കാരണം ഇപ്പോഴും എന്റെയുള്ളിൽ ഒളിച്ചിരിക്കുന്ന; ഇന്ദ്രിയസുഖങ്ങളോട് ഭ്രാന്തമായ അഭിനിവേശമുള്ള ഒരു 'വീളിപ്പയ്യൻ' ഉണ്ടെന്നതാണ് അതിന്റെ കാരണം. 'ബല്ലാസ്റ്റുകൾ' ഇല്ലായിരുന്നെങ്കിൽ ഞാനാരാകുമായിരുന്നു എന്നോർക്കുമ്പോൾ എനിക്ക് ചിലപ്പോൾ ഭയം തോന്നാറുണ്ട്.

എന്റെ വായനക്കാരിൽ ചിലർക്കെങ്കിലും ഒരു ധാരണയുണ്ട്, ഞാൻ വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ചവനും, സകലവിധ ജീവിത സൗഭാഗ്യങ്ങളുടെയും നടുവിൽ ജീവിതം അർമ്മാദിച്ചു തീർക്കുന്നവനുമാണെന്ന്. എന്നാൽ നിങ്ങൾ ഒരു കാര്യം മനസിലാക്കുക, ധനം, സമ്പത്ത്‌, അറിവ്, സ്ഥാനം, മാനം, വിദ്യാഭ്യാസം ഒന്നിനും ഒരു വ്യക്തിയെ സന്തോഷവാനാക്കാനാവില്ല. പ്രതിമാസം കിട്ടുന്ന കനത്ത ശമ്പളത്തിനോ, പെൻഷനോ ജീവിതത്തെ രക്ഷപ്പെടുത്താമെന്ന ചിന്തയുണ്ടെങ്കിൽ അത് തീർത്തും ബാലിശമായ ഒന്നാണെന്നേ എനിക്ക് പറയാനാവൂ.

മനസ്സിൽ അനുഭവങ്ങളുടെ 'ബല്ലാസ്റ്റുകൾ ധാരാളമായുള്ളവർ അതുകേട്ടാൽ ചിരിക്കുകയെ ഉള്ളൂ.

ജീവിതമെന്തെന്ന് നമ്മെ പഠിപ്പിക്കുന്നത് കഠിനമായ അനുഭവങ്ങളുടെ 'ഭാരങ്ങൾ' ആണ്, അവയെ വലിച്ചെറിഞ്ഞുകൊണ്ട് മുന്നോട്ടു പോകുന്നത് ശരിയല്ല, അവ നമ്മുടെ തലയിൽ എവിടെയും ഇറക്കിവയ്ക്കാനാവാത്ത ഭാരങ്ങളായിത്തന്നെ ഇരിക്കട്ടെ, അല്ലെങ്കിൽ നമ്മൾ എങ്ങോട്ടെങ്കിലും ലക്ഷ്യരഹിതമായി പറന്നുപോയേക്കാം.

പ ലി: ദേവമാതാ കോളേജിലെ ആ അപകടകരമായ ജനലുകൾക്ക് ഇനിയെങ്കിലും കമ്പിയഴികൾ പിടിപ്പിച്ചുകാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം ഞാൻ റിട്ടയർ ചെയ്തതിന്റെ രണ്ടാമത്തെ വർഷം അതെ ജനലിൽനിന്നു വീണ് എന്റെ സുഹൃത്തായിരുന്ന ഒരദ്ധ്യാപകൻ മരണപ്പെട്ടിരുന്നു

Comments

Popular posts from this blog

സ്വപ്നങ്ങൾ എല്ലാം സുന്ദരമാണ് പക്ഷെ യാഥാർഥ്യമങ്ങിനെയല്ല

പൂർണ്ണത - Perfection

രാജപ്പനെന്ന ഉഭയജീവി.